തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.ഫെബ്രുവരിയിൽ സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കായി തിരച്ചിൽ നടത്തിയിരുന്നു. കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്നവർ, വിവിധ കേസിലെ വാറണ്ട് പ്രതികള്‍, നല്ലനടപ്പിന് ബോണ്ടു വച്ചിട്ടും ലംഘിച്ചവർ തുടങ്ങി നിരവധി ഗുണ്ടകളെ പിടികൂടി റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തായിരുന്നു ഏറ്റവും കൂടുതൽ ഗുണ്ടളെ പിടിച്ചത്, 333 പേർ.
റൗഡി പട്ടികയിൽപ്പെട്ടവരുടെ ചിത്രങ്ങളും വിരൽ അടയാളങ്ങളും ശേഖരിച്ചിരുന്നു. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പലരെയും ജാമ്യത്തിൽ വിട്ടയച്ചു. സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക കൂടിയായിരുന്നു പൊലീസിന്റെ ലക്ഷ്യം. അതിനിടെയാണ് കേരളത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ പൊങ്കാലയ്ക്ക് ഇടയിൽ ഗുണ്ടാ ആക്രമണം ഉണ്ടായത്. അതേസമയം ആറ്റുകാൽ പൊങ്കാലക്ക് ഇക്കുറി വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതര ജില്ലകളിൽ നിന്നും കേരളത്തിന് പുറത്ത് നിന്നുമടക്കം ഭക്തർ അനന്തപുരിയിലേക്ക് ഒഴുകിയെത്തി.