തിരുവനന്തപുരം: വർക്കലയിലെ പാരാഗ്ലൈഡിങ്ങ് അപകടത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്ട്രക്റ്ററായ സന്ദീപിനേയും മറ്റു മൂന്നുപേരേയുമാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
വർക്കല പാപനാശം ബീച്ചിൽ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ രണ്ടുപേരെയും ഒന്നര മണിക്കൂർ നേരത്തെ സാഹസിക രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സുരക്ഷിതമായി നിലത്തിറക്കിയത്. ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. വർക്കല പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പറക്കലിനിടെ ഇവർ ഹൈമാസ്റ്റ് ലൈറ്റിന്‍റെ വിളക്കുകാലിൽ കുരുങ്ങുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇരുവരും പടുകൂറ്റൻ വിളക്കുകാലിൽ അള്ളിപ്പിടിച്ചിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന് താഴെ ഫയർഫോഴ്‌സ് പ്രത്യേകം വല സജ്ജമാക്കിയിരുന്നു. പിന്നീട് ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തിയ ശേഷം പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കുകയായിരുന്നു.
ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു. കോയമ്പത്തൂർ സ്വദേശി പാർവ്വതിയും ഇൻസ്ട്രക്ടറായ യുവാവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് കാര്യമായ ശാരീരിക പ്രശ്‌നങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം.