ലണ്ടൻ: യു.കെയിലെ ഐൽ ഓഫ് മാനിലെ ക്വീൻ എലിസബത്ത് ഹൈസ്‌കൂളിൽ ലൈംഗിക വിദ്യാഭ്യാസ പഠനം രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. അനുയോജ്യമല്ലാത്ത പ്രായത്തിൽ ഉൾക്കൊള്ളാനാവാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നത് വിദ്യാർഥികൾക്ക് ആശയക്കുഴപ്പവും ആശങ്കയുമുണ്ടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കൾ പരാതിപ്പെടുകയായിരുന്നു.
സ്കൂളിലെ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി സ്ത്രീയുടെ വേഷത്തിലെത്തിയ ഒരാൾ കുട്ടികൾക്ക് ക്ലാസെടുത്തിരുന്നു. 11 വയസ് മാത്രമുള്ള കുട്ടികളോട് 73 ലിംഗഭേദങ്ങൾ ഉണ്ടെന്ന് ക്ലാസെടുത്തയാൾ പറഞ്ഞു. രണ്ട് ലിംഗഭേദം മാത്രമേയുള്ളൂവെന്ന് അഭിപ്രായം പ്രകടിപ്പിച്ച ഒരു വിദ്യാർഥിയെ ഇയാൾ ക്ലാസിന് പുറത്താക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു.
ലൈംഗികതയെ കുറിച്ചും ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ചും ഏഴ് വയസുള്ള കുട്ടികൾക്ക് ക്ലാസെടുത്തത് മാനസികാഘാതത്തിന് കാരണമായി. ലൈംഗിക പ്രവൃത്തികളുടെയും മറ്റും അനുയോജ്യമല്ലാത്ത ചിത്രങ്ങൾ കാണിച്ചതും മോശമായ അവതരണവും കുട്ടികളെ ബാധിച്ചു.
‘ഓറൽ സെക്സ്’, ‘ആനൽ സെക്സ്’ എന്നിവയെ കുറിച്ച് കൊച്ചുകുട്ടികളെ പഠിപ്പിച്ചെന്ന് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ, കൃത്രിമമായി ലിംഗം സൃഷ്ടിക്കുന്ന സ്കിൻ ഗ്രാഫ്റ്റിങ് എന്നിവയും പഠിപ്പിച്ചു. എട്ട് വയസുള്ള കുട്ടികൾക്കാണ് സ്വയംഭോഗത്തെ കുറിച്ച് ഒരാൾ ക്ലാസെടുത്തതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
പഠിപ്പിച്ച കാര്യത്തെ കുറിച്ച് രക്ഷിതാക്കളോട് പറയാൻ പോലും പറ്റാത്തത്ര മാനസികാഘാതത്തിലായിരുന്നു ചില കുട്ടികളെന്ന് ഐൽ ഓഫ് മാനിലെ മാരോൺ കമീഷണേഴ്സ് വൈസ് ചെയർമാൻ എലിസ കോക്സ് പറഞ്ഞു. കുട്ടികളെ പഠിപ്പിക്കുന്നത് എന്തെന്ന് രക്ഷിതാക്കൾ അറിയുന്നുമില്ല. ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂൾ പ്രധാനാധ്യാപികക്ക് പരാതി നൽകുകയായിരുന്നു.
ക്ലാസിന്‍റെ വിഡിയോ പരിശോധിച്ചതിൽ നിന്നും അനുയോജ്യമല്ലാത്ത വിവരങ്ങൾ കുട്ടികൾക്ക് നൽകിയതായി ശ്രദ്ധയിൽപെട്ടെന്ന് പ്രധാനാധ്യാപിക ഷാർലെറ്റ് ക്ലർക്ക് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. സ്കൂൾ പാഠ്യപദ്ധതി പുനരവലോകനം ചെയ്യുമെന്നും അവർ വ്യക്തമാക്കി.
പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും വസ്തുനിഷ്ഠവും പ്രായത്തിന് അനുയോജ്യമായതുമാണെന്ന് സ്കൂളുകൾ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് അറിവുണ്ടാകണമെന്നും നിർദേശിച്ചു.