തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകന്റെ നെഞ്ചിൽ കത്തി താഴ്ത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ആവേശം പകർന്നതു പുതിയ കെപിസിസി നേതൃത്വത്തിന്റെ ശൈലിയാണെന്ന ആക്ഷേപവുമായി സിപിഎം നേതൃത്വമാകെ രംഗത്ത്. കൊലപാതകത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ്, ക്യാംപസിലും പുറത്തും ഇതുവരെ നടത്തിയ അക്രമങ്ങളെല്ലാം സിപിഎം മറന്നു പോയോ എന്ന മറുചോദ്യവും ഉയർത്തി. സിൽവർ ലൈനും സർവകലാശാലകളിലെ രാഷ്ട്രീയക്കളിയും മറ്റും ഉയർത്തി പ്രതിപക്ഷം സർക്കാരിനെതിരെ പോർമുഖം ശക്തമാക്കുമ്പോഴാണ് അവരെ പ്രതിക്കൂട്ടിലാക്കിയ കൊലപാതകം. അക്രമ രാഷ്ട്രീയത്തിൽ എക്കാലവും സിപിഎമ്മിനെ ഒന്നാം പ്രതിസ്ഥാനത്തു നിർത്തിയിരുന്നു കോൺഗ്രസ്. സമീപകാല ചരിത്രവും കണക്കുകളും അതിനു സഹായിക്കുകയും ചെയ്തു. ആലപ്പുഴയിൽ എസ്ഡിപിഐയും ആർഎസ്എസും ഈയിടെ പരസ്പരം കണക്കുതീർത്തപ്പോഴും പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിപക്ഷം തിരിഞ്ഞിരുന്നു. പെട്ടെന്നു സ്വന്തം കയ്യിൽ പുരണ്ട ചോര കോൺഗ്രസിനെ വെട്ടിലാക്കി.
സംഘർഷ പരമ്പരയ്ക്ക് ഒടുവിലാണ് ഇടുക്കിയിൽ ധീരജ് കൊല്ലപ്പെട്ടതെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും വിശദീകരിച്ചു തന്നെ കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്‌യുവും സംഭവത്തെ തള്ളിപ്പറഞ്ഞു. തങ്ങളിൽ ഒരാൾ തന്നെയാണു കൊല്ലപ്പെട്ടതെന്നു വരെ പറയാൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് തയാറായി. ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള ശ്രമവും കോൺഗ്രസ് തുടങ്ങി. എൻജിനീയറിങ് കോളജുകളിലെ തിരഞ്ഞെടുപ്പു ഫലം കെഎസ്‌യു വീണ്ടും ഉഷാറാകുന്നതിന്റെ തെളിവായി കെപിസിസി നേതൃത്വം വിലയിരുത്തിയതിനിടയിലാണ് പാർട്ടിയും വിദ്യാർഥി–യുവജന സംഘടനകളും പ്രതിരോധത്തിലായത്.