തിരുവനന്തപുരം : കേരള സര്‍വകലാശാല വി സി യുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ഡി ലിറ്റ് വിഷയത്തില്‍ വി സിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി. ഗവര്‍ണര്‍ -സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തയാറാകുന്നിലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മാത്രമല്ല ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണ് സിസ്ട്രയെ കണ്‍സള്‍ട്ടായി നിയമിച്ചതെന്ന്. പദ്ധതി തുകയുടെ അഞ്ച് ശതമാനം കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കാനുള്ള തീരുമാനം അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്‌തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡി ലിറ്റ് നല്‍കാന്‍ ആകില്ലെന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ കത്തെഴുതാന്‍ അറിയാത്ത വിസിമാരാണ് സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് എന്നും വി സി തന്നെ ധിക്കരിച്ചെന്നുമായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും സര്‍വകലാശാലയും പ്രതിരോധത്തിലായിരിക്കുകയാണ്.
ഇതിനിടെ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് താന്‍ അയച്ച കത്ത് സമ്മര്‍ദം കൊണ്ടെഴുതിയതാണെന്ന് വി സി വിശദീകരിച്ചു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി പ്രതികരിച്ചു. വി സി അയച്ച കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ വിമര്‍ശനത്തിനാണ് വിശദീകരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.