ന്യൂഡൽഹി∙ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കെ, ചൈനീസ് ഫോൺ ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. സൈനികരോ അവരുടെ കുടുംബാംഗങ്ങളോ ചൈനീസ് നിർമിത ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകണമെന്ന് ഏജൻസികൾ പ്രതിരോധ വിഭാഗങ്ങളുടെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
‘‘ഇന്ത്യയോട് എതിർപ്പുള്ള രാജ്യങ്ങളിൽ നിർമിച്ച ഫോണുകൾ ഉപയോഗിക്കുന്നതിൽനിന്നു സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും പിന്തിരിപ്പിക്കണം. വിവിധ മാൽവെയറുകളും സ്പൈവെയറുകളും ചൈനീസ് – നിർമിത മൊബൈൽ ഫോണുകളിൽ കണ്ടെത്തിയിട്ടുണ്ട്. പല സൈനികരുടെയും ഫോണുകളിൽനിന്ന് ഇത്തരം സംശയകരമായ ആപ്ലിക്കേഷനുകൾ രഹസ്യാന്വേഷണ ഏജൻസികൾ നീക്കിയിട്ടുണ്ട്.
ഇതിനു പിന്നാലെ പ്രതിരോധ സേനകൾ ചൈനീസ് നിർമിത ഫോണുകളും ആപ്ലിക്കേഷനുകളും അവരുടെ ഡിവൈസുകളിൽനിന്നു നീക്കിയിട്ടുമുണ്ട്. കുടുംബാംഗങ്ങളുടെ കൈവശമുള്ള ചൈനീസ് നിർമിത ഫോണുകളും ചൈനീസ് ആപ്പുകളും ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുന്നു’’ – ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് നിലവിൽ വിവോ, ഒപ്പോ, ഷവോമി, വൺ പ്ലസ്, ഓണർ, റിയൽ മീ, സെഡ്ടിഇ, ജിയോണി, എസുസ്, ഇൻഫിനിക്സ് എന്നീ പേരുകളിലാണ് ചൈനീസ് നിർമിത മൊബൈൽ ഫോണുകൾ ലഭ്യമാകുന്നത്.