കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടർച്ചയായ രണ്ടാം ദിവസവും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു. ആദ്യദിവസം ഒമ്പത് മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ.
ബുധനാഴ്ച രാവിലെ എട്ടിന് രവീന്ദ്രൻ കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തി. ചോദ്യം ചെയ്യൽ രാത്രി എട്ടുവരെ നീണ്ടു. ചോദ്യങ്ങളോട് സഹകരിക്കുന്ന നിലപാടാണ് രവീന്ദ്രൻ സ്വീകരിച്ചതെന്ന് ആദ്യ ദിവസം ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ആദ്യദിവസം ലൈഫ് മിഷൻ ഇടപാടിൽ ഏതെങ്കിലും വിധത്തിൽ ഇടപെട്ടിട്ടുണ്ടോയെന്ന കാര്യത്തിലെ വിശദീകരണമാണ് ഇ.ഡി ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിൽ തനിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നായിരുന്നു രവീന്ദ്രന്‍റെ മൊഴി.
രണ്ടാംദിനം വാട്ട്സ്ആപ് ചാറ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മൊഴികളും മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ. ആദ്യ ദിവസത്തെ മൊഴികളുമായി ബന്ധപ്പെട്ട വാട്ട്സ്ആപ് ചാറ്റുകൾ മുന്നോട്ടുവെച്ച് കൂടുതൽ വിശദീകരണം ആരാഞ്ഞതായാണ് വിവരം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴികളിലെ ആരോപണങ്ങളിലും വിശദീകരണം തേടി. ലൈഫ് മിഷൻ ഇടപാടിലെ കമീഷനിൽ പങ്കുണ്ടോ എന്നത് സംബന്ധിച്ച കാര്യങ്ങളും ഇ.ഡി പരിശോധിക്കുന്നുണ്ട്. രവീന്ദ്രനിൽനിന്നും തൃപ്തികരമായ മൊഴി ലഭിക്കുന്നത് വരെ ചോദ്യം ചെയ്യൽ തുടർന്നേക്കും.