മാന്നാർ: ചെന്നിത്തല, മാന്നാർ പാടശേഖരങ്ങളിലേക്ക് വേനല്‍ക്കാലത്ത് വെള്ളമെത്തിക്കുന്ന പമ്പാ ഇറിഗേഷൻ കനാലിലൂടെ മുന്നറിയിപ്പില്ലാതെ വെള്ളമെത്തിയത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായി. എണ്ണയ്ക്കാട്, ഇരമത്തൂർ, ചെന്നിത്തല പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പമ്പാ ഇറിഗേഷൻ കനാലിലാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ വെള്ളമെത്തിയത്.
വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ ഇടിഞ്ഞു പൊളിഞ്ഞും മാലിന്യങ്ങൾ നിറഞ്ഞും നീരൊഴുക്ക് തടസ്സപ്പെട്ട കനാലിലൂടെ ശക്തമായ വെള്ളം വന്നതോടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിലൂടെയും കനാൽ കവിഞ്ഞും വെള്ളവും മാലിന്യവും ഒഴുകി. ഇത് കനാലിന് പരിസരങ്ങളിലെ വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലും നിറയുന്ന അവസ്ഥായാണുണ്ടായത്. ചിലയിടങ്ങളിലെ കരകൃഷികൾ മാലിന്യമടിഞ്ഞ് ഭാഗികമായി നശിച്ചു.
ചെന്നിത്തല പണിക്കരോടത്ത് ജങ്ഷനിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി കുരിശടിക്ക് സമീപം കനാൽ കവിഞ്ഞൊഴുകിയ വെള്ളം സംസ്ഥാന പാതയായ ചെന്നിത്തല മാന്നാർ റോഡിൽ വെള്ളക്കെട്ട് സൃഷ്ടിച്ചത് യാത്രക്കാരെയും സമീപത്തെ കച്ചവടക്കാരെയും ഏറെ വലച്ചു. സി.പി.ഐ മാന്നാർ മണ്ഡലം അസി.സെക്രട്ടറി കെ.ആർ രഗീഷ് കളക്ട്രേറ്റിലും ഇറിഗേഷൻ ഓഫീസിലും വിവരം അറിയിച്ചതിനെ തുടർന്ന് വൈകിട്ട് ആറുമണിയോടെയാണ് വെള്ളത്തിന്റെ അളവിൽ ഗണ്യമായ മാറ്റം വരുത്തിയത്.
ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ചെന്നിത്തലയും മാന്നാറും അടക്കമുള്ള പത്തോളം പഞ്ചായത്തിലെ കൃഷിക്കും ജല ലഭ്യതക്കുമുള്ള ഏക മാർഗവും ഈ കനാലുകൾ തന്നെയാണ്. കനാലിന്റെ പരിപാലനം ഉൾപ്പെടെ പമ്പാ ഇറിഗേഷന്‍ പ്രൊജക്ടിന്‍റെ നിയന്ത്രണത്തിൽ ആണെങ്കിലും പലപ്പോഴും പഞ്ചായത്തുകളുടെ നേതൃത്വത്തിലും കനാൽ ശുചീകരണം നടത്താറുണ്ട്. നെൽകൃഷിക്ക് വെള്ളം അത്യാവശ്യമായ കടുത്ത വേനലിൽ എത്രയും വേഗം കനാലിലെ മാലിന്യങ്ങൾ നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.