വായ്‍നാറ്റമുണ്ടാകുന്നത് മിക്കവരിലും ഒരു ആരോഗ്യപ്രശ്നം എന്നതില്‍ കവിഞ്ഞ് ആത്മവിശ്വാസപ്രശ്നമായി വരാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും വായ്‍നാറ്റമുണ്ടാകാം. അതിനുള്ള ചില കാരണങ്ങളും ഒപ്പം തന്നെ പരിഹാരങ്ങളുമാണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
വായ്ക്കകം ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അത് വായ്‍നാറ്റത്തിന് കാരണമാകും. അതിനാല്‍ തന്നെ രണ്ട് നേരം ബ്രഷ് ചെയ്യാനും, പല്ലുകള്‍ക്കിടയില്‍ വൃത്തിയാക്കുന്നതിന് ഫ്ളോസിംഗ് ചെയ്യാനും മറക്കരുത്. ടംഗ് ക്ലീനര്‍ ഉപയോഗവും പതിവാക്കുക. ടംഗ് ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ നാവിന്‍റെ പിൻഭാഗത്ത് നിന്ന് മുൻഭാഗത്തേക്ക് വേണം ഇത് കൊണ്ട് വൃത്തിയാക്കാൻ.
രണ്ട്…
ചിലയിനം ഭക്ഷണപാനീയങ്ങളും വായ്‍നാറ്റത്തിന് കാരണമാകും. വെളുത്തുള്ളി, ഉള്ളി എന്നിവ ഇത്തരത്തില്‍ താല്‍ക്കാലികമായ വായ്‍നാറ്റത്തിന് കാരണമാകുന്ന ഭക്ഷണസാധനങ്ങളാണ്. അതുപോലെ കഫീൻ കാര്യമായി അടങ്ങിയ പാനീയങ്ങളും പതിവാക്കുന്നത് വായ്‍നാറ്റത്തിന് കാരണമാകാം. കാപ്പി തന്നെ ഇതില്‍ മുഖ്യം. ഫ്രഷ് പച്ചക്കറികളും ജ്യൂസുകളും കഴിക്കുന്നത് വായ്‍നാറ്റമകറ്റാൻ ഏറെ നല്ലതാണ്.
മൂന്ന്…
വായ വല്ലാതെ വരണ്ടുപോകുന്നതും വായ്‍നാറ്റത്തിലേക്ക് നയിക്കാം. അതിനാല്‍ നല്ലതുപോലെ വെള്ളം കുടിക്കാനും, ഒപ്പം തന്നെ ഇടയ്ക്ക് മൗത്ത്‍വാഷ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.
നാല്…
പാലുത്പന്നങ്ങളോ, ഇറച്ചിയോ മീനോ കഴിച്ചാല്‍ കഴിയുന്നതും അപ്പോള്‍ തന്നെ വായ നന്നായി വൃത്തിയാക്കുക. അതിന് സാധിക്കാത്ത അവസ്ഥയാണെങ്കില്‍ നന്നായി വെള്ളം കുടിക്കുക. ഇതിലൂടെ വായില്‍ ബാക്ടീരിയകള്‍ പെരുകുന്നത് കുറച്ചെല്ലാം തടയാൻ സാധിക്കും.
അഞ്ച്…
മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ലക്ഷണമായും വായ്‍നാറ്റം വരാം. ആമാശയം, കുടല്‍ എന്നിങ്ങനെയുള്ള അവയവങ്ങളയെല്ലാം ബാധിക്കുന്ന രോഗങ്ങള്‍ ഇതിനുദാഹരണമാണ്.
ആറ്…
പുകയില ഉപയോഗം നല്ലരീതിയില്‍ വായ്‍നാറ്റത്തിന് കാരണമാകാം. ഇത് ഒഴിവാക്കണമെങ്കില്‍ തീര്‍ച്ചയായും പുകവലി ഉപയോഗം അവസാനിപ്പിക്കേണ്ടതായി തന്നെ വരാം.
വായ്‍നാറ്റം ഒഴിവാക്കാൻ ഷുഗര്‍ ഫ്രീ ചൂയിങ് ഗം ചവയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ കഴിവതും ഇതിനുള്ള കാരണം കണ്ടെത്തി അത് പരിഹരിക്കുന്നത് തന്നെയാണ് ഉചിതം.