ലോകത്തെ ഏറ്റവും ആകർഷകത്വമുള്ള മനുഷ്യരാരാണ് ? രാജ്യങ്ങളുടെ ലിസ്റ്റ് നിരത്താൻ വരട്ടെ, ഇന്ത്യക്കാരാണ് അതെന്ന് പറയുന്നത് ബ്രിട്ടിഷ് നീന്തൽ വസ്ത്ര നിർമാണ കമ്പനിയായ പൂ മ്വാ (Pour Moi) തന്നെയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ് ലോകത്തെ ഏറ്റവും ആകർഷണമുള്ളവരായി ഇന്ത്യക്കാരെ തെരഞ്ഞെടുത്തത്. ഓൺലൈൻ ഉള്ളടക്ക വിലയിരുത്തലും ചർച്ചയും നടക്കുന്ന വെബ്‌സൈറ്റായ റെഡിറ്റിലെ പോസ്റ്റുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൂ മ്വായുടെ കണ്ടെത്തൽ. സൗന്ദര്യത്തിന്റെ കാര്യത്തിൽ അമേരിക്കയാണ് രണ്ടാം സ്ഥാനത്തും സ്വീഡൻ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യക്കാരുടെ ആകർഷകത്വം കാണിക്കാനുള്ള ചിത്രങ്ങളും എഐ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൗന്ദര്യമുള്ള, ആകർഷകത്വമുള്ള, സെക്‌സി, കാണാൻ കൊള്ളാവുന്ന, സുമുഖിയായ എന്നിവ ഉൾപ്പെട്ട എത്ര റെഡിറ്റ് പോസ്റ്റുകൾ ഉണ്ടെന്നും അവയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളും അപ്-വോട്ടുകളും എത്രയുണ്ടെന്നും പരിഗണിച്ചാണ് റാങ്കിങ് നടത്തിയിരിക്കുന്നത്. ലോകത്തെ 50 രാജ്യങ്ങളുടെ പട്ടികയാണ് ആകെ തയാറാക്കിയിരിക്കുന്നത്. അതിൽ സൗന്ദര്യമുള്ളവരുടെ കൂട്ടത്തിൽ നാലാം സ്ഥാനത്താണ് ജപ്പാൻകാർ. അഞ്ചും ആറും സ്ഥാനം കാനഡയ്ക്കും ബ്രസീലിനുമാണ്. ഫ്രാൻസ് ഏഴാമതും ഇറ്റലി എട്ടാമതും ഡെൻമാർക്ക് പത്താമതും ഉണ്ട്. ബ്രിട്ടന്റെ സ്ഥാനം 12-ാമതാണ്. ആകർഷകത്വമുള്ള പുരുഷൻമാരുടെ പട്ടികയിൽ ബ്രിട്ടനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്. സ്ത്രീകളുടെ കാര്യത്തിൽ രാജ്യം ഒന്നാം സ്ഥാനത്താണ്. ഇതിന്റെ ഭാഗമായി സൗന്ദര്യമുള്ള ഇന്ത്യക്കാരുടെ ചിത്രങ്ങൾ എഐ വരച്ചിട്ടുണ്ട്. ഇതാണ് പഠനത്തിനായി ഉപയോഗിച്ചതെന്ന പ്രത്യേകതയുമുണ്ട്.