ചെന്നൈ: തിമിഴ്നാട്ടിൽ ജോലി ചെയ്യുന്ന ബിഹാർ തൊഴിലാളികൾക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വിഡിയോകളും വാർത്തകളും വടക്കേ ഇന്ത്യയിലെ ബി.ജെ.പി പ്രവർത്തകരാണ് പ്രചരിപ്പിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇത് തനിക്കെതിരായി രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന പ്രചാരണമാണെന്നും സ്റ്റാലിൻ ആരോപിച്ചു.2024 തെരഞ്ഞെടുപ്പിന് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം വ്യാജ ആക്രമണ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതിനു പിന്നിൽ വടക്കേ ഇന്ത്യയിലെ ബി.ജെ.പി പ്രവർത്തകരാണ് -സ്റ്റാലിൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ച പിറന്നാൾ ആഘോഷത്തിനിടെ നടത്തിയ പരാമർശം ഓർമിപ്പിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാലിൻ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്ന ആവശ്യവും ആ പരിപാടിയിൽ ഉയർന്നിരുന്നു.തമിഴ്നാട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് വീടാണ്. തമിഴൻമാർ സാഹോദര്യത്തെ സ്നേഹിക്കുന്നു. ഇത് ഇവിടെയുള്ള വടക്കേ ഇന്ത്യൻ സഹോദരർക്ക് അറിയാമെന്നും സ്റ്റാലിൻ പറഞ്ഞു.സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും സംസാരിച്ചിരുന്നെന്നും അദ്ദേഹം ഇവിടുത്തെ ബിഹാറി തൊഴിലാളികളുടെ സുരക്ഷയിൽ പൂർണ സംതൃപ്തനാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.