റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി പ്രവേശിച്ച വിദേശികളെ വാഹനത്തില്‍ കടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ജിസാനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കമ്പനി ഉടമസ്ഥതയിലുള്ള ലോറിയിലായിരുന്നു ഇയാള്‍ ആളുകളെ കടത്തിയത്. വഴിമദ്ധ്യേ അധികൃതരുടെ പിടിയിലായി.
33 യെമനികളും 13 എത്യോപ്യക്കാരും ഉള്‍പ്പെടെ ആകെ 46 വിദേശികളാണ് ഇയാള്‍ ഓടിച്ചിരുന്ന ലോറിയില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാവരും അനധികൃതമായി സൗദി അറേബ്യയില്‍ പ്രവേശിച്ചവരായിരുന്നു. പിടിയിലായ നുഴഞ്ഞുകയറ്റക്കാരെ തുടര്‍ നടപടികള്‍ സ്വീകരിച്ച് നാടുകടത്താന്‍ വേണ്ടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം ഇവര്‍ക്ക് സഹായം ചെയ്‍തുകൊടുത്ത ഇന്ത്യക്കാരനെ വിചാരണ ചെയ്‍ത് ശിക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
സൗദി അറേബ്യയില്‍ തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് താമസ സൗകര്യമോ വാഹനങ്ങളോ ഉള്‍പ്പെടെ എന്ത് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നതും കുറ്റകരമാണ്. നിയമലംഘകരെ സഹായിക്കരുതെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നിരന്തരം ബോധവത്കരണവും നടത്താറുണ്ട്. നുഴഞ്ഞുകയറ്റക്കാരെ മൂന്ന് എത്യോപ്യന്‍ പൗരന്മാര്‍ക്ക് യാത്രാ സൗകര്യം സജ്ജീകരിച്ച് നല്‍കിയതിന് രണ്ട് സൗദി പൗരന്മാരും കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. ജിസാന്‍ പ്രവിശ്യയിലെ അല്‍ ദാഇബിയില്‍വെച്ചാണ് ഇവര്‍ അറസ്റ്റിലായത്.