തിരുവനന്തപുരം: സഭ തർക്കം പരിഹരിക്കാൻ നിയമ നിർമാണം നടത്താനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയതോടെ വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ ഓർത്തഡോക്സ് സഭ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. സഭ ആസ്ഥാനമായ ദേവലോകം അരമനയിൽ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേരുന്ന വർക്കിംഗ് കമ്മിറ്റി യോഗമാകും നിലപാട് പ്രഖ്യാപിക്കുക. രാവിലെ പതിനൊന്ന് മണിയ്ക്കാണ് യോഗം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം എന്നതാണ് സഭയുടെ പ്രഖ്യാപിത നിലപാട്. നിയമ നിർമാണം എന്ന സർക്കാർ നിർദ്ദേശം സഭ നേതൃത്വം തുടക്കം മുതൽ എതിർത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ നിയമ നിർമ്മാണത്തിനുള്ള സർക്കാർ നീക്കം ഓർത്തഡോക്സ് സഭ അംഗീകരിക്കാനുള്ള സാധ്യത പരിമിതമാണ്.