മുംബൈ : സിനിമകളിലേക്കും വെബ് സീരിയലുകളിലേക്കും നടീനടന്മാരെ തെരഞ്ഞെടുക്കുന്ന കാസ്റ്റിങ് ഡയറക്ടറാണെന്ന വ്യാജേന യുവതികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കാൻ ശ്രമിച്ചയാളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഏതാനും ബംഗാളിസിനിമകളിൽ അഭിനയിച്ചിട്ടുള്ള കൊൽക്കത്ത നിവാസിയുടെ പരാതിയിലാണ് ഓംപ്രകാശ് തിവാരിയെന്ന ഇരുപത്തിനാലുകാരനെ കഴിഞ്ഞദിവസം പിടികൂടിയത്. മുംബൈയിലെ ചലച്ചിത്രനിർമാണസ്ഥാപനത്തിൽ ജോലിചെയ്തിരുന്നയാളാണ് തിവാരിയെന്ന് പോലീസ് പറഞ്ഞു. സ്വന്തമായി നിർമാണസ്ഥാപനം നടത്തുന്നയാളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഇയാൾ സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങി. പുതുതായി തുടങ്ങുന്ന വെബ് സീരിയിലേക്ക് നടീനടന്മാരെ ആവശ്യമുണ്ടെന്നും താനാണ് അതിന്റെ കാസ്റ്റിങ് ഡയറക്ടർ എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് പരാതിക്കാരി തിവാരിക്ക് അപേക്ഷ നൽകിയത്.
വെബ് സീരിയിലേക്ക് പരിഗണിക്കുന്നതിന് ചിത്രങ്ങൾ അയച്ചുകൊടുക്കാൻ തിവാരി ആവശ്യപ്പെട്ടു. സ്വകാര്യ ചിത്രങ്ങളും വേണമെന്നായിരുന്നു ആവശ്യം. ചിത്രങ്ങൾ കിട്ടിയപ്പോഴാണ് ദുരുദ്ദേശ്യത്തോടെ സമീപിച്ചത്. വഴങ്ങാതെ വന്നപ്പോൾ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി മലാഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തിവാരിക്കെതിരേ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് മലാഡ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ധനഞ്ജയ് ലിഗാഡെ അറിയിച്ചു. ഇയാൾ നിർമാണസ്ഥാപനമൊന്നും നടത്തുന്നില്ലെന്നും നേരത്തേ ജോലിചെയ്തതിന്റെ പരിചയംവെച്ചാണ് കാസ്റ്റിങ് ഡയറക്ടറായി ഭാവിച്ചതെന്നും ലിഗാഡെ പറഞ്ഞു.