ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ ബന്ധം എത്രകാലം തുടർന്നുവെന്നതിന് പ്രാധാന്യമുണ്ടെന്ന് കർണാടക ഹൈകോടതി. യുവാവിനെതിരെ യുവതി നൽകിയ പരാതിയിൽ ബലാത്സംഗക്കുറ്റം ഒഴിവാക്കിക്കൊണ്ടാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി. ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അഞ്ച് വർഷമായി യുവതിയും യുവാവും ഒരുമിച്ച് താമസിക്കുകയായിരുന്നു. പിന്നീട്, വിവാഹം ചെയ്യുന്നതിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് കാട്ടി കേസ് നൽകിയത്. ഇതിനെതിരെ യുവാവ് സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി വിധി.
ഈ കേസിൽ ലൈംഗികബന്ധത്തിനുള്ള അനുമതി ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമല്ല നൽകിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിവസങ്ങളോ മാസങ്ങളോ അല്ല, അഞ്ച് വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്ന് ഹരജിയിൽ പറയുന്നു. സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി, വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് ഈ കേസിൽ പറയാൻ കഴിയില്ല. ഇത്തരം കേസുകളിൽ ഇരുവരും തമ്മിൽ ബന്ധം തുടർന്ന കാലദൈർഘ്യത്തിന് പ്രസക്തിയുണ്ട് -കോടതി വ്യക്തമാക്കി.
യുവാവും യുവതിയും അഞ്ച് വർഷമായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. പിന്നീട് യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹ വാഗ്ദാനം നൽകിയാണ് താനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് യുവതി പരാതി നൽകിയതോടെ പൊലീസ് കേസെടുത്തു.
ഇതിനെതിരെ യുവാവ് കോടതിയിൽ ഹരജി നൽകി. തങ്ങൾ പ്രണയത്തിലായിരുന്നെന്നും വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്നും ഹരജിയിൽ പറഞ്ഞു. വിവാഹത്തിന് താൻ ഏറെ ശ്രമം നടത്തിയെങ്കിലും ജാതി സംബന്ധിച്ച പ്രശ്നങ്ങൾ കാരണം നടന്നില്ല. തുടർന്ന് ബന്ധം മുറിയുകയായിരുന്നെന്നും ഹരജിയിൽ പറഞ്ഞു. ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നെന്നും ഹരജിയിൽ വ്യക്തമാക്കി.
ഇരുവരുടെയും കുടുംബങ്ങൾക്ക് തമ്മിൽ അറിയാമെന്നതും വിവാഹത്തിനായി കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. അഞ്ച് വർഷമായി തുടർന്ന സമ്മതത്തോടെയുള്ള ബന്ധമായതിനാൽ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത് പിന്മാറിയെന്ന കുറ്റം നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു.