കാഴ്ചക്കാരുടെ ശ്വാസോച്ഛ്വാസം മാത്രമാണ് കേള്‍ക്കാനുണ്ടായിരുന്നത്. പിന്നെ ഹൃദയമിടിപ്പും. അത്രയും കൈയൊതുക്കത്തോടെ തന്‍റെ മാജിക്ക് അവതരിപ്പിച്ച് കൊണ്ടിരിക്കെ. മാജിക്കിന്‍റെ തന്ത്രം പൊളിച്ച് ഒരാള്‍ കടന്ന് വന്നാലത്തെ അവസ്ഥയെന്താണ്. സ്വാഭാവികമായും കാഴ്ചക്കാരെല്ലാം മജീഷ്യനെ പഞ്ഞിക്കിടും. യഥാര്‍ത്ഥ്യത്തില്‍ ആ മാജിക്കില്‍ താത്പര്യമില്ലാത്ത ഒരരസികന്‍റെ ചെറിയൊരു പ്രവത്തിയെ തുടര്‍ന്ന് കാഴ്ചക്കാരെല്ലാം മജീഷ്യന് നേരെ തിരിയും. മജീഷ്യനാകട്ടെ അതുവരെ സ്നേഹിച്ചിരുന്ന ആസ്വദിച്ചിരുന്ന തന്‍റെ കലയെ തന്നെ വെറുത്ത് പോകുന്ന അവസ്ഥയിലുമാകും. ഏതാണ്ട് അതുപോലൊരു അവസ്ഥയിലൂടെയാണ് ഈ മാന്ത്രികന്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. അദ്ദേഹത്തിന്‍റെ അവസ്ഥ എന്ത് തന്നെയായിരുന്നാലും നെറ്റിസണ്‍സിനിടയില്‍ ഏറെ ചിരി പടര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് @Enezator എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നാണ്.
വീഡിയോയുടെ തുടക്കത്തില്‍ ഒരു മേശയുടെ നാല് കാലുകള്‍ക്കൊപ്പം ഒരു യുവതിയുടേത് എന്ന് തോന്നിക്കുന്ന രണ്ട് കാലുകള്‍ കൂടി കാണാം. എന്നാല്‍, അരയ്ക്ക് മുകളിലേക്ക് ആളില്ല. മേശ മാത്രമേയുള്ളൂ. മേശയുടെ ഒരു വശത്ത് നില്‍ക്കുന്ന മജീഷ്യന്‍റെ നിര്‍ദ്ദേങ്ങള്‍ക്ക് അനുസരിച്ച് കാലുകള്‍ ചലിക്കുമ്പോള്‍ ചെറിയ ടയര്‍ ഘടിപ്പിച്ച മേശയും ചലിക്കുന്നു. ഒരു കൂട്ടം ആളുകള്‍ക്ക് നടുവില്‍ തുറസായ ഒരു പ്രദേശത്താണ് ഈ മാജിയ്ക്ക് കാണിക്കുന്നതെന്ന് കൂടി വ്യക്തം. ഇടയ്ക്ക് കാഴ്ചക്കാരില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് വരികയും മേശയുമായി കാലുകള്‍ ബന്ധിപ്പിച്ചിരുക്കുന്ന ഭാഗത്ത് നിന്ന് വസ്ത്രങ്ങള്‍ മാറ്റുകയും ചെയ്യുന്നു. പിന്നാലെ മേശയുടെ ഒരു ഭാഗം നീക്കിയ അയാള്‍ ഒരു ആണ്‍കുട്ടിയെ മേശയുടെ അടിയില്‍ നിന്നും പിടിച്ചുയര്‍ത്തുന്നു. ശേഷം സിനിമാ സ്റ്റൈലില്‍ അയാള്‍ നടന്ന് പോകുന്നതിന് പിന്നാലെ ചുറ്റും കൂടിയിരുന്നവര്‍ മജീഷ്യന് നേര്‍ക്ക് വെള്ളക്കുപ്പികള്‍ വലിച്ചെറിയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
the magic is broken pic.twitter.com/YK2pr8AQyX
— Great Videos (@Enezator) March 6, 2023
വീഡിയോ പെട്ടെന്ന് തന്നെ ട്വിറ്ററില്‍ വൈറലായി. മൂന്ന് ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് അടിക്കുറിപ്പെഴുതി. കാഴ്ചക്കാരും മജീഷ്യന്‍റെ കാണികളോടൊപ്പമായിരുന്നു. തകര്‍ന്ന് പോയ മാജിക്ക് എന്ന് ചിലരെഴുതി. അയാള്‍ക്ക് ഒരു പെണ്‍കുട്ടിയെ എങ്കിലും സംഘടിപ്പിക്കാമായിരുന്നെന്ന് മറ്റ് ചിലരെഴുതി. ഞാന്‍ അയാളെ ഇഷ്ടപ്പെടുന്നു, ഏങ്ങനെയാണ് മാജിക് തകര്‍ക്കേണ്ടതെന്ന് അയാള്‍ക്ക് അറിയാമെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ആ പ്രകടനം നശിപ്പിച്ചത് ഒരു സാഡിസ്റ്റായിരുന്നു. മാജിക് ഒരു പ്രകടനം മാത്രമാണ്, അവിടെ ദൈവികതയ്ക്ക് അവകാശവാദമില്ലെന്ന് വേറൊരാള്‍ കുറിച്ചു.