ന്യൂഡൽഹി: എട്ടോളം യുട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാറിന്‍റെ വിലക്ക്. പഞ്ചാബി ഭാഷയിലുള്ള ഈ യുട്യൂബ് ചാനലുകൾ ഖലിസ്താൻ അനുകൂല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ചാണ് നടപടി.
കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയ സെക്രട്ടറി അപൂർവ ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ആറു മുതൽ എട്ട് ചാനലുകൾക്കാണ് വിലക്ക്. ഇവയുടെ പേരുവിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. അമൃതപാൽ സിങ്ങിന്റെ അനുയായികൾ വാളുകളും തോക്കുകളുമായി പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
വിദേശത്തുനിന്നാണ് ഇവ പ്രവർത്തിക്കുന്നതെന്നും നടപടി സ്വീകരിച്ചിട്ട് പത്തു ദിവസമായെന്നും അപൂർവ ചന്ദ്ര അറിയിച്ചു. നിർമിത ബുദ്ധിയടക്കം സങ്കേതങ്ങൾ ഉപയോഗിച്ച് അപകടകരമായ ഉള്ളടക്കമുള്ള ചാനലുകൾക്കെതിരെ നടപടിയെടുക്കണമെന്ന് യൂട്യൂബിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.