ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി നഗരവാസികള്‍ ഒരാഴ്ചയിലേറെയായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണമാണ് കൊച്ചി നിവാസികളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമാപ്രവര്‍ത്തകരും വിഷയത്തില്‍ പ്രതികരണവുമായി എത്തി തുടങ്ങിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്, വിനയ് ഫോര്‍ട്ട്, നിര്‍മ്മാതാവ് ഷിബു ജി സുശീലന് എന്നിവരൊക്കെ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന് മിഥുന് മാനുവല്‍ തോമസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതിന് കാരണക്കാരായ അധികാരികള്‍ ആരായാലും അവര്‍ മറുപടി പറഞ്ഞേ മതിയാവൂ എന്ന് പറയുന്നു മിഥുന്.
ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്..!! ദിവസങ്ങൾ ആയി വിഷപ്പുകയിൽ മുങ്ങി നിൽക്കുന്നു. നഗരം, ജില്ല എന്തിന് വീടിന്റെ അകങ്ങളിൽ പോലും വിഷ വായു…!! കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇൻസിഡന്റ്..! ഉത്തരവാദികൾ ആരായാലും – പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തിൽ കണ്ടെത്തിയേ മതിയാകൂ..!! ഞങ്ങൾ ജനങ്ങൾ ആരുടെ കയ്യിൽ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷൻ കൈപറ്റിയിട്ടില്ല.!! P. S : എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളിൽ ചേക്കേറുന്നത്??, എന്നാണ് മിഥുന് മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.”കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക”, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.