കൊച്ചി: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണർക്ക് സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന് ഹൈകോടതി. ചില കാര്യങ്ങളിൽ സിവിൽ കോടതിയുടെ അധികാരങ്ങളുണ്ടെങ്കിലും പൂർണമായും സിവിൽ കോടതിയല്ല. അതേസമയം, ഭിന്നശേഷിക്കാരുടെ താൽപര്യ സംരക്ഷണാർഥം സർക്കാറിനോ അധികൃതർക്കോ കമീഷണർ ശിപാർശകൾ സമർപ്പിക്കുന്നതിൽ തടസ്സമില്ലെന്നും ജസ്റ്റിസ് ഷാജി പി.ചാലി വ്യക്തമാക്കി. പി.എസ്.സി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് വീടിനടുത്ത് സെന്‍റർ ഒരുക്കണമെന്ന സംസ്ഥാന ഭിന്നശേഷി കമീഷണറുടെ ഉത്തരവ് ചോദ്യംചെയ്ത് പി.എസ്.സി സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
കൊടുങ്ങല്ലൂർ കണ്ടംകുളം സ്വദേശിയും ഭിന്നശേഷിക്കാരനുമായ എൻ.എ. അൻസീർ പി.എസ്.സി പരീക്ഷക്ക് വീടിനടുത്ത് കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ മുഖേന സർക്കാറിന് നിവേദനം നൽകിയിരുന്നു. നിവേദനം ഭിന്നശേഷി കമീഷണർക്ക് കൈമാറി. ഇതേതുടർന്നാണ് ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് വീടിനടുത്ത് സെന്‍റർ ഒരുക്കണമെന്ന് 2017 ആഗസ്റ്റ് എട്ടിന് പി.എസ്.സിയോട് ഉത്തരവിട്ടത്.
സിവിൽ കോടതിയുടെ അധികാരം ഉപയോഗിച്ചാണ് ഉത്തരവെന്ന് അതിൽ പരാമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, പി.എസ്.സിക്ക് നിർദേശ രൂപത്തിലുള്ള ഉത്തരവിറക്കാൻ കമീഷണർക്ക് അധികാരമില്ലെന്നും ഉത്തരവ് 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിന്‍റെ പരിധിക്ക് പുറത്താണെന്നും പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
ഹരജികൾ പരിഗണിക്കുമ്പോൾ രേഖകളും സാക്ഷികളെയും വിളിച്ചുവരുത്താനും അവരുടെ സാന്നിധ്യം ഉറപ്പുവരുത്താനും കോടതികളിൽ നിന്നടക്കം പൊതുരേഖകൾ ആവശ്യപ്പെടാനും കമീഷണർക്ക് സിവിൽ കോടതിയുടേതിന് സമാനമായ അധികാരമുള്ളതായി ഹൈകോടതി വ്യക്തമാക്കി. സത്യവാങ്മൂലമായി തെളിവുകൾ സ്വീകരിക്കാനും സാക്ഷികളുടെയും രേഖകളുടെയും പരിശോധനക്ക് കമീഷനെ നിയോഗിക്കാനും കമീഷണർക്ക് അധികാരമുണ്ട്.
എന്നാൽ, 2016 ആക്ടിലെ സെക്ഷൻ 80 പ്രകാരം സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ല. അതിനാൽ, നടപ്പാക്കാൻ നിർദേശിച്ചുള്ള ഉത്തരവ് സർക്കാറിന് നൽകാൻ കമീഷണർക്ക് അധികാരമില്ല. തുടർന്ന് കമീഷണർ അമിതാധികാരം പ്രയോഗിച്ചിട്ടുണ്ടെന്നും നിയമവിരുദ്ധവും സ്വേച്ഛാപരവുമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും വിലയിരുത്തിയ കോടതി ഹരജി അനുവദിക്കുകയായിരുന്നു.