കൊച്ചി: ബ്രഹ്‍മപുരം തീപിടിത്തത്തില്‍ കൊച്ചി നഗരവാസികള്‍ ഒരാഴ്ചയിലേറെയായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണമാണ് കൊച്ചി നിവാസികളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമാപ്രവര്‍ത്തകരും വിഷയത്തില്‍ പ്രതികരണവുമായി എത്തി തുടങ്ങിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ എന്നിവരൊക്കെ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടി കൃഷ്ണ പ്രഭ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ പത്ത് ദിവസമായി ഒറ്റ രാത്രി പോലും ഒരു പോള കണ്ണടക്കാൻ പറ്റാത്ത സ്ഥിതിയാണ്. എന്റെ മാത്രമല്ല, കൊച്ചിയിൽ താമസിക്കുന്ന ഓരോ മനുഷ്യന്റെയും അവസ്ഥ ഇതായിരിക്കും എന്നാണ് കൃഷ്ണ പ്രഭ പറയുന്നത്.
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ
കഴിഞ്ഞ പത്ത് ദിവസമായി ഒറ്റ രാത്രി പോലും ഒരുപോള കണ്ണടക്കാൻ പറ്റാത്ത സ്ഥിതിയാണ്. എന്റെ മാത്രമല്ല, കൊച്ചിയിൽ താമസിക്കുന്ന ഓരോ മനുഷ്യന്റെയും അവസ്ഥ ഇതായിരുന്നു. ആരോട് പറയാൻ ആര് കേൾക്കാൻ.
ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഞങ്ങളെ പോലെയുള്ള സാധാരണക്കാരായ ജനങ്ങളാണ്. എന്തൊക്കെ അസുഖങ്ങളാണ് വരാൻ പോകുന്നതെന്ന് ഒരുപിടിയുമില്ല. ഈ തീയും പുകയുമൊക്കെ അങ്ങ് അടങ്ങുമായിരിക്കും. ഇതിന് കാരണക്കാർക്ക് എതിരെ അതിപ്പോ ആരായാലും ശക്തമായ നടപടി എടുക്കണം. അത്രമാത്രം സഹികെട്ടിട്ടാണ് ഇത് എഴുതുന്നത്.
നേരത്തെ ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടിത്തത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്കിലൂടെ ആണ് തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ പിഷാരടി രംഗത്തെത്തിയത്.തീപിടിത്തത്തില്‍ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപമാണെന്ന് രമേഷ് പിഷാരടി കുറിച്ചു. ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.