മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ചിലർ മുഖക്കുരു മാറുന്നതിന് ടൂത്ത് പേസ്റ്റ് പുരട്ടാറുണ്ട്. ടൂത്ത് പേസ്റ്റ് പുരട്ടിയാൽ മുഖക്കുരു ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകുമെന്ന് ചിലർ കരുതുന്നു. ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. വാസ്തവത്തിൽ, മുഖക്കുരു മാറുന്നതിന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാറുണ്ടോ?.
ടൂത്ത് പേസ്റ്റ് ചർമ്മത്തിന് സുരക്ഷിതമല്ല. ഇത് പല്ലുകൾക്കാണ് രൂപപ്പെടുത്തിയിരിക്കുന്നത് ചർമ്മത്തിന് വേണ്ടിയല്ല.
ടൂത്ത്‌പേസ്റ്റിൽ ട്രൈക്ലോസൻ അടങ്ങിയിരിക്കുന്നു. ഇത് ബാക്ടീരിയകളെ നശിപ്പിച്ച് മുഖക്കുരുവിന് സഹായിക്കുമെന്ന് കരുതപ്പെടുന്നു. എന്നാൽ ട്രൈക്ലോസന്റെ ഫലപ്രാപ്തി വളരെക്കാലമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഈ രാസവസ്തു തൈറോയ്ഡ് ഹോർമോൺ നിലയെ ബാധിച്ചേക്കാമെന്നതിനാൽ 2017 ൽ നിരോധിക്കുകയുണ്ടായി. ട്രൈക്ലോസാൻ ചർമ്മ കാൻസറിന്റെ വളർച്ചയ്ക്കും കാരണമാകും (മൃഗങ്ങളിൽ പരീക്ഷിച്ചപ്പോൾ വ്യക്തമായത്).
‘ട്രൈക്ലോസാൻ നീക്കം ചെയ്താലും ടൂത്ത് പേസ്റ്റ് ചർമ്മത്തിന് സുരക്ഷിതമായ മാർഗ്ഗമല്ല. ടൂത്ത് പേസ്റ്റിൽ ചർമ്മത്തിന് ഹാനികരമായ മറ്റ് ചേരുവകൾ അടങ്ങിയിട്ടുണ്ട്. ടൂത്ത്‌പേസ്റ്റ് ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും…’ – ഡെർമറ്റോളജി റെസിഡന്റ് ടെയ്‌ലർ ബുള്ളക്ക് പറഞ്ഞു.
വ്യത്യസ്ത രാസഘടനകളുള്ള ടൂത്ത് പേസ്റ്റിന്റെ നാല് വ്യത്യസ്ത ബ്രാൻഡുകൾ വിലയിരുത്തിയ ഒരു പഠനത്തിൽ, അതിൽ മൂന്ന് ബ്രാൻഡുകളിൽ പെട്ട ടൂത്ത് പേസ്റ്റുകൾ പഠനത്തിൽ പങ്കെടുത്ത 19 ആളുകളിൽ 16 പേരുടെയും ചർമ്മത്തെ പ്രകോപിപ്പിക്കുന്നതായി കണ്ടെത്തി. നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് മുഖക്കുരുവിന് ടൂത്ത് പേസ്റ്റ് നല്ലൊരു ചികിത്സാ മാർഗമല്ല. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും, മുഖക്കുരുവിന്റെ അവസ്ഥയെ വഷളാക്കുകയും ചെയ്യും.