അഹമ്മദാബാദ്: രണ്ട് വർഷം മുമ്പ് 198 കോടി രൂപക്ക് വാങ്ങിയ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ഇതുവരെ 20 കോടി രൂപ ചെലവാക്കിയെന്ന് ഗുജറാത്ത് സർക്കാർ സഭയിൽ അറിയിച്ചു. 2019 നവംബറിലാണ് 198 കോടി രൂപ മുടക്കി സർക്കാർ പുതിയ വിമാനം വാങ്ങിയത്. ഇതുവരെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണിക്കുമായി രണ്ട് വർഷത്തിനിടെ 20.8 കോടി രൂപ ചെലവഴിച്ചതായി ഗുജറാത്ത് സർക്കാർ വെള്ളിയാഴ്ച സംസ്ഥാന നിയമസഭയിൽ അറിയിച്ചു. കോൺഗ്രസ് എംഎൽഎമാരായ ഇമ്രാൻ ഖേദാവാലയും അർജുൻ മോദ്‌വാദിയയും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ വകുപ്പ് മന്ത്രി മന്ത്രി ബൽവന്ത്സിങ് രജ്പുത്താണ് ഇക്കാര്യം പറഞ്ഞു.
2022 ഡിസംബർ 31 വരെ രണ്ട് വർഷങ്ങളിൽ, രണ്ട് വിമാനങ്ങളുടെയും ഒരു ഹെലികോപ്റ്ററിന്റെയും പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി സംസ്ഥാന സർക്കാർ മൊത്തം 36 കോടി രൂപ ചെലവഴിച്ചതായി മറുപടി നൽകി. 2019 നവംബറിൽ 197.90 കോടി രൂപയ്ക്ക് വാങ്ങിയ ഇരട്ട എഞ്ചിനുകളുള്ള ബൊംബാർഡിയർ ചലഞ്ചർ 650 ന്റെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി രണ്ട് സ്വകാര്യ ഏജൻസികൾക്ക് 20.80 കോടി രൂപ നൽകി. ഇതുവരെ വിമാനം 183 തവണ യാത്ര ചെയ്തു.
രണ്ട് വർഷം കൊണ്ട് ഹെലികോപ്റ്ററിന് 7.4 കോടിയും പഴയ ജെറ്റിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി 8.04 കോടി രൂപയും സർക്കാർ ചെലവഴിച്ചു. മുഖ്യമന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികൾക്കുമായാണ് ആഡംബര ബൊംബാർഡിയർ ചലഞ്ചർ 650 ഉപയോഗിച്ചത്. 12 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന വിമാനത്തിന് 7,000 കിലോമീറ്ററാണ് പരിധി.
2002ലെ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും ജനപ്രീതിയും കളങ്കപ്പെടുത്തിയതിന് ബിബിസിക്കെതിരെ നടപടിയെടുക്കണമെന്ന് ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കി. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമമാണ് ബിബിസിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രമേയം അവതരിപ്പിക്കുന്നതിനിടെ ബിജെപി എംഎൽഎ വിപുൽ പട്ടേൽ സഭയിൽ പറഞ്ഞു. മോദി സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന കലാപത്തെക്കുറിച്ചായിരുന്നു രണ്ട് ഭാഗങ്ങളായി പുറത്തിറക്കിയ ബിബിസി ഡോക്യുമെന്ററി ചർച്ച ചെയ്തത്. ഡോക്യുമെന്ററി കേന്ദ്രസർക്കാർ ഇന്ത്യയിൽ നിരോധിച്ചു. പട്ടേലിന്റെ പ്രമേയത്തെ ബിജെപി എംഎൽഎമാരായ മനീഷ വക്കീൽ, അമിത് താക്കർ, ധവൽസിങ് സാല, മന്ത്രി ഹർഷ് സംഘവി എന്നിവർ പിന്തുണച്ചു.