തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഭൂമി കച്ചവടമാണ് ‘വഴിയോര വിശ്രമ’ കേന്ദ്രപദ്ധതിയിലൂടെ നടക്കാൻ പോകുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്ത് ഇതു സംബന്ധിച്ച വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ താൽക്കാലികമായെങ്കിലും ചേർത്തലയിലെ ഒരേക്കർ ഭൂമി കൈമാറുന്നതിനുള്ള നടപടികൾ നിർത്തിവച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.എന്നാൽ ഇടതു സർക്കാർ വീണ്ടും അധികാരമേറ്റതിനു പിന്നാലെ അതീവ രഹസ്യമായി പഴയ പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തതിന്‍റെ രേഖകൾ പുറത്തു വന്നു. ഇതു സംബന്ധിച്ച് പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ 10 ചോദ്യങ്ങൾ സർക്കാരിനോടും ‘ഓക്കി’ കമ്പനിയോടും ഉന്നയിച്ചിരുന്നെങ്കിലും ഒന്നിനു പോലും കൃത്യമായ മറുപടി നൽകാൻ ഇതേവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു ഓക്കി കമ്പനി പുറത്തിറക്കിയതാകട്ടെ ഏറ്റവും ദുർബലമായ വിശദീകരണമാവുകയും ചെയ്തു. ഭൂമിക്ക് കമ്പോള വില നിശ്ചയിച്ചിട്ടില്ല എന്ന കമ്പനിയുടെ വാദം തന്നെ ശുദ്ധ കള്ളമാണെന്ന് മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിലൂടെ കണ്ണോടിച്ചാൽ വ്യക്തമാവും.
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ആധുനിക കേന്ദ്രവും സൗകര്യവും വേണം എന്നതിൽ തർക്കമില്ല. വിദേശത്തൊക്കെ ഇത്തരം കേന്ദ്രങ്ങൾ ധാരാളമുണ്ട്. എന്നാൽ ഇങ്ങനെയുള്ള കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ പേരിൽ സർക്കാർ ഭൂമിയിലെ കുത്തക സ്വകാര്യ കമ്പനിക്ക് നൽകുന്നതും ഭൂമി ബാങ്കിൽ പണയം വച്ച് ഇഷ്ടം പോലെ കടമെടുക്കാനുള്ള അധികാരം നൽകുന്നതും വലിയ ക്രമക്കേട് തന്നെയാണ്. . ഭൂമി സർക്കാരിന്‍റെ അധീനതയിൽ തന്നെ നിലനിർത്തി പദ്ധതി നടപ്പാക്കാവുന്നതേ ഉള്ളൂ. അതിനുള്ള സാധ്യതകൾ തേടി മുന്നോട്ടു പോകണം.ഈ പദ്ധതിയെ കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ദൂരീകരിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. സംശയങ്ങൾ ഉയരാൻ ന്യായമായ പല കാരണങ്ങളുമുണ്ട്. അതിന് അങ്ങ് മറുപടി പറഞ്ഞേ മതിയാകൂ. മുഖ്യമന്ത്രിക്ക് ചെന്നിത്തല തുറന്ന കത്തയച്ചു.
1. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ്സ് (ഓക്കി) എന്ന കമ്പനി രൂപീകരിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്. ഈ കമ്പനി പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിൽ ആണെന്നും 51% ഓഹരി സർക്കാരിന് ഉള്ളതാണെന്നും അങ്ങയുടെ കീഴിലുള്ള നോർക്ക വകുപ്പ് വിശദീകരിക്കുന്നുണ്ട്.
എങ്കിൽ അടിസ്ഥാനപരമായ ഒരു സംശയം ഉന്നയിച്ചോട്ടെ.
സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഓക്കി കമ്പനിയിൽ എങ്ങനെ ബാജു ജോർജ് എന്ന വ്യക്തി മാനേജിങ് ഡയറക്ടറായി നിയമിതനായി. 70000 രൂപയുടെ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി ബാജു ജോർജിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു എന്ന ഒറ്റ വരി മറുപടിയാണ് വിവരാവകാശത്തിൽ ലഭിച്ചിരിക്കുന്നത്. സർക്കാർ കമ്പനിയിൽ പുറമേ നിന്നൊരാളെ നിയമിക്കുമ്പോൾ അതിനുള്ള നിബന്ധനകൾ പാലിച്ചിട്ടുണ്ടോ ? കമ്പനി എം ഡി സ്ഥാനത്തേക്ക് പരസ്യം പ്രസിദ്ധീകരിച്ചിരുന്നോ ? അതിൽ എത്ര അപേക്ഷകർ ഉണ്ടായിരുന്നു ? അവരിൽ നിന്ന് ബാജു ജോർജിനെ തിരഞ്ഞെടുത്തതിന്റെ നടപടിക്രമം എന്തൊക്കെ ആയിരുന്നു ? ഇതു സംബന്ധിച്ച രേഖകൾ പൂർണമായും പുറത്തു വിടണം.
2. ഓക്കി കമ്പനിയുടെ പേരിൽ ഭൂമി കൈമാറുമ്പോൾ അതിലെ പ്രധാന വ്യവസ്ഥ ‘ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ല, സർക്കാർ ആവശ്യങ്ങൾ വന്നാൽ നഷ്ട പരിഹാരം ഇല്ലാതെ തിരികെ നൽകണം’ എന്നിവയാണ്. ഈ പ്രധാന വ്യവസ്ഥകൾ മാറ്റിയത് അങ്ങയുടെ കീഴിലുള്ള ചീഫ് സെക്രട്ടറിയും അങ്ങയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ്. സർക്കാർ ഭൂമി എവിടെ വേണമെങ്കിലും പണയപ്പെടുത്തിയോ, ആർക്കു വേണമെങ്കിലും മറു പാട്ടത്തിനു നൽകിയോ അന്യാധീനപ്പെടുത്താൻ ഇടയാക്കുന്നതല്ലേ ഈ വ്യവസ്ഥ. തന്നെയുമല്ല, ‘മാലിന്യത്തിൽ നിന്ന് വൈദ്യുതി’ ഉണ്ടാക്കുന്ന പദ്ധതിക്ക് തയ്യാറാക്കിയ മാതൃകയിൽ ഭൂമി കൈമാറ്റ വ്യവസ്ഥയിൽ ഇളവുകൾ നൽകാം എന്നാണ് ചീഫ് സെക്രട്ടറിതലയോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ടും എറണാകുളത്തും ഇത്തരം പദ്ധതിക്കായി സോണ്ട ഇൻഫ്രാസ്ട്രക്ചറിന് ഭൂമി നൽകിയതും ‘പണയപ്പെടുത്താൻ’ അനുമതി നൽകുന്ന ഇളവുകളോടെയാണ്. മൂന്നു വർഷം കഴിഞ്ഞിട്ടും രണ്ട് പദ്ധതികളും എങ്ങുമെത്തിയിട്ടില്ല. ഇത്തരം തെറ്റായ ചട്ടങ്ങൾ സർക്കാർ ഭൂമി നഷ്ടപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്ന് ഈ പദ്ധതികൾതന്നെ വ്യക്തമാക്കുന്നു.
3. ഓക്കി കമ്പനിക്കു നൽകുന്ന ഭൂമിയിൽ പദ്ധതി വികസിപ്പിച്ച ശേഷം റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു എസ്പിവി രൂപീകരിച്ച് അവർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഈ എസ്പിവിയിൽ 26% മാത്രമല്ലേ സർക്കാർ ഓഹരി. 74% വിദേശ മലയാളികൾക്കുള്ളതാണ്. അപ്പോൾ യഥാർഥത്തിൽ ഭൂമിയുടെയും പദ്ധതിയുടെയും നടത്തിപ്പും നിയന്ത്രണവും വിദേശ വ്യക്തികളുടെ കൈകളിൽ ആകുകയല്ലേ ചെയ്യുന്നത് ? ഇതു പിന്നെയും റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിച്ച് അവർക്കു കൈമാറും എന്നാണ് ‘ഓക്കി’ വ്യക്തമാക്കുന്നത്. അപ്പോൾ യഥാർഥ അവകാശികളും നടത്തിപ്പ് ചുമതലയുള്ളവരും ആരാണ് ? റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന എസ്പിവിയോ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്സ്മെന്റ് ട്രസ്റ്റോ ? അതോ ‘ഓക്കി’യോ ? ഒരേ പദ്ധതി നടത്തിപ്പിനുവേണ്ടി ഇത്തരം മൂന്നു കമ്പനികളുടെ ആവശ്യം എന്താണ് എന്ന് വ്യക്തമാക്കണം ?
4. ഇക്കാര്യങ്ങളൊന്നും നിഷേധിക്കാതിരുന്ന ‘ഓക്കി’ കമ്പനി, എല്ലാ സ്ഥാപനങ്ങളും നിയമ പ്രകാരമുള്ള ഓഡിറ്റിന് വിധേയമാണ് എന്ന ഒഴുക്കൻ മറുപടി മാത്രമാണ് നൽകിയിരിക്കുന്നത്. ഓഡിറ്റും അതിൽ പൊടിയിടാനുള്ള വകുപ്പുകളും സർക്കാർ തന്നെ ഒരുക്കി കൊടുക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ ? ഇതൊന്നും പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കരുത്.
5. നോർക്ക വകുപ്പിന്റെ കീഴിലാണല്ലോ ഓക്കിക്ക് രൂപം നൽകിയിരിക്കുന്നത്. നോർക്കയും ഓക്കിയും തമ്മിൽ ഈ പദ്ധതി നടത്തിപ്പിന് വേണ്ടി എന്തെങ്കിലും കരാറോ ധാരണാ പത്രമോ ഒപ്പിട്ടിട്ടുണ്ടോ ? എങ്കിൽ അവ പുറത്തു വിടണമെന്ന് ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നു. അതുപോലെ ഓക്കിയും റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന കരാറും ധരാണാപത്രവും പുറത്തു വിടാനും തയ്യാറാവണം. വഴിയോര വിശ്രമ കേന്ദ്രങ്ങൾ പിന്നീട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിയന്ത്രണത്തിലുള്ള റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് സ്ട്രക്ചറിന് കീഴിലാക്കാൻ എന്തെങ്കിലും തീരുമാനമോ ധാരണയോ ഉണ്ടെങ്കിലും അതു സംബന്ധിച്ച രേഖകളും കരാറുകളും പുറത്തു വിടാനും തയ്യാറാവണം.
6. മന്ത്രിസഭാ യോഗത്തിൽ നിയമ, ധന, റവന്യൂ വകുപ്പുകൾ എതിർപ്പുകൾ ഉന്നയിച്ചിട്ടും എന്ത് അടിസ്ഥാനത്തിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് വിശദീകരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങേയ്ക്ക് ഉണ്ട്. കാരണം, ഇത്രയും നിർണായകമായ തീരുമാനങ്ങൾക്കും അത് കൈക്കൊള്ളാൻ വേണ്ടി ചേർന്ന യോഗങ്ങൾക്കും മുൻകൈ എടുത്തിരിക്കുന്നതും നിർദേശങ്ങൾ വച്ചിരിക്കുന്നതും അങ്ങയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണെന്ന് രേഖകളിൽ വ്യക്തമാവുന്നു.
ഇതോടൊപ്പം കോഴിക്കോട് കോർപ്പറേഷൻ്റെ മാലിന്യ സംസ്കരണത്തിനായി സ്വകാര്യ കമ്പനിക്ക് കോർപ്പറേഷൻ്റെ 12.67 എക്കർ ഭൂമിയും സ്വകാര്യ കമ്പനിക്ക് പദ്ധതി നടപ്പിലാക്കാൻ ഭൂമി ബാങ്കുകളിലോ മറ്റോ പണയപ്പെടുത്താനുളള ഉത്തരവും നൽകിയിരിക്കുന്നു.
ഇതെല്ലാം ഇടതുപക്ഷനയത്തി നെതിരായ നിലപാടുകളല്ലേ?
വിശ്രമകേന്ദ്രത്തിനായി പൊതുമരാമത്ത് വകുപ്പിന്‍റെ കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയും ഫോറസ്റ്റ് ഇൻഡസ്ട്രീസിന്റെ ഷോറൂം തകർത്തും സിൽക്കിന്റെയും ഓട്ടോകാസ്റ്റിന്റെയും വരുമാനത്തിൽ കയ്യിട്ടു വാരിയും ജിഎസ്ടി വകുപ്പിന്റെ ഭൂമി വെട്ടിപ്പിടിച്ചും ആരുടെ കീശ നിറയ്ക്കാൻ വേണ്ടിയാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് അറിയാനുള്ള അവകാശം ഈ സംസ്ഥാനത്തെ സാധാരണക്കാർക്ക് ഉണ്ട്. മാത്രമല്ല ഇത്തരത്തിൽ ഏതെല്ലാം പദ്ധതികൾക്ക് ഭൂമി നൽകിയിട്ടുണ്ടെന്നുകൂടി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.