ഇടുക്കി: ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. രാത്രി 10 മണിയോടെ എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ ലേബർ ക്യാന്റീന്റെ ചുമര് ഇടിച്ചു തകർത്തു. ക്യാന്റീൻ നടത്തിപ്പുകാരൻ എഡ്വിൻ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിൻ രക്ഷപെട്ടത്.
ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികൾ ശബ്‌ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവർത്തിക്കുന്ന റേഷൻ കട ഈ ക്യാന്റീന്റെ സമീപമാണ് പ്രവത്തിക്കുന്നത്. കാട്ടാന ആക്രമണം തുടർക്കഥയായതോടെ ഇടുക്കിയിലെ ജനങ്ങൾ ആശങ്കയിലാണ്.
ഇടുക്കി 80 ഏക്കറിൽ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്നും വീണ് ഒരാൾക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. രാജകുമാരി സ്വദേശി തയ്യിൽ ജോണി എന്നയാൾക്കാണ് പരിക്കേറ്റത്. സിങ്കുകണ്ടത്തേക്ക് പോകുന്നതിനിടെ ചക്കക്കൊമ്പന്റെ മുന്നിൽ അകപ്പെടുകയായിരുന്നു.
രാവിലെ 8 മണിയോടെയാണ് സംഭവം. കാട്ടാനക്ക് മുമ്പിലേക്ക് ഇദ്ദേഹം ബൈക്കുമായി ചെന്നുപെടുകയായിരുന്നു. കാട്ടാന ഇയാൾക്ക് നേരെ തിരിഞ്ഞതോടെ ബൈക്കിൽ നിന്നും ഇറങ്ങി ഓടി. ഓടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാരെത്തിയാണ് കാട്ടാനയെ ഇവിടെ നിന്നും തുരത്തിയോടിച്ചത്. അതേസമയം, ഇടുക്കിയിലെ വന്യ ജീവി ആക്രമണം തടയുന്നതിനുളള നടപടികൾ അവലോകനം ചെയ്യാൻ വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിട്ടുണ്ട്.
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാനുളള നടപടികളും യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. അരിക്കൊമ്പനെ തളക്കാൻ കോടനാട് കൂടിൻറെ പണികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതിനാവശ്യമായ തടികൾ ദേവികുളത്തു നിന്നും കോടനാടെത്തിച്ചിട്ടുണ്ട്. കൂടിന്റെ പണികൾ പൂർത്തിയാകുന്നതോടെ വയനാട്ടിൽ നിന്നും ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലെത്തും. സംഘമെത്തുന്ന തീയതി അടക്കമുള്ള കാര്യങ്ങളിലും ഉടൻ തീരുമാനമുണ്ടാകും.