അമീർഖാൻ പ്രധാനവേഷത്തിൽ അഭിനയിച്ച പികെ എന്ന സിനിമ നമ്മളിൽ പലരും കണ്ടതായിരിക്കും. ഹാസ്യാത്മകമായിട്ടാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അതിൽ അമീർഖാൻഖെ കഥാപാത്രം മറ്റൊരു ഗ്രഹത്തിൽ നിന്നും വരുന്നതായിട്ടാണ് കാണിക്കുന്നത്. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ ആരെങ്കിലും വന്ന് ഞാൻ അന്യഗ്രഹത്തിൽ നിന്നും വരുന്നതാണ് എന്ന് പറഞ്ഞാൽ എന്താവും നമ്മുടെ അവസ്ഥ? അതുപോലെ ഒരു സംഭവം അങ്ങ് ഫ്ലോറിഡയിൽ ഏതായാലും നടന്നു.
യുഎസ്സിലെ ഫ്ലോറിഡയിൽ കഴിഞ്ഞ ആഴ്ചയാണ് നഗ്നനനായി തെരുവിലൂടെ നടന്നതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്നനനായി നടന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അയാൾ പറഞ്ഞത് താൻ മറ്റൊരു ഗ്രഹത്തിൽ നിന്നും വരുന്ന ആളാണ് എന്നാണത്രെ. മാർച്ച് എട്ടിനായിരുന്നു സംഭവം. രാത്രി ഒമ്പത് മണിയോടെ പൊലീസിന് ഒരു ഫോൺ വന്നു. അതിൽ പറഞ്ഞിരുന്നത്, വഴിയിലൂടെ നഗ്നനായി ഒരാൾ നടന്നു പോകുന്നുണ്ട് എന്നായിരുന്നു.
ഉടനെ തന്നെ ഒരു പൊലീസുകാരൻ സ്ഥലത്തെത്തി. 44 വയസുള്ള ജേസൺ സ്മിത്ത് എന്നയാളാണ് നഗ്നനായി നടക്കുന്നത് എന്ന് കണ്ടെത്തി. അയാൾ വസ്ത്രങ്ങളൊന്നും ധരിക്കാതെയായിരുന്നു പൊതുജനങ്ങൾക്ക് മുന്നിലൂടെ നടന്നു പോയിക്കൊണ്ടിരുന്നത്. സംഭവത്തിന് പിന്നാലെ ജേസൺ സ്മിത്തിനെ നേരെ പാം ബീച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആദ്യം അയാൾ തന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ നൽകാൻ തയ്യാറായിരുന്നില്ല. തനിക്ക് ഒരു സോഷ്യൽ സെക്യൂരിറ്റി നമ്പറോ ഏതെങ്കിലും സ്റ്റേറ്റിന്റെ തിരിച്ചറിയൽ കാർഡോ ഒന്നും തന്നെ ഇല്ല എന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.
അതുകൊണ്ടും തീർന്നില്ല, താൻ വരുന്നത് മറ്റൊരു ഗ്രഹത്തിൽ നിന്നാണ്, അതുകൊണ്ടാണ് തനിക്ക് തിരിച്ചറിയൽ രേഖകളൊന്നും ഇല്ലാത്തത് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, കുറേ ചോദ്യം ചെയ്ത ശേഷം ഇയാൾ തന്റെ യഥാർത്ഥ പേരും വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു.