തൊടുപുഴ: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരികൊമ്പനെ പിടികൂടാൻ 30 അംഗസംഘമെത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് സംഘത്തിൽ ഉള്ളത്. ഈ മാസം 16ന് ശേഷമാണ് ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ സംഘമെത്തുക. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയായാൽ മറ്റു പ്രശ്നക്കാരായ ചക്കകൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കുമെന്നും വനംമന്ത്രി തേക്കടിയിൽ വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം. പത്താംക്ലാസ്-ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്ന തീയതി ഒഴിവാക്കി ആകും ആനയെ പിടികൂടാൻ ശ്രമിക്കുക.144 പ്രഖ്യാപിക്കേണ്ടിവരും എന്നതു കൊണ്ടാണിതെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പൻറെ ആക്രമണം. ഇന്നലെ രാത്രി 10 മണിയോടെ എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ ലേബർ ക്യാന്‍റീന്‍റെ ചുമര് ഇടിച്ചു തകർത്തു. ക്യാൻറീൻ നടത്തിപ്പുകാരൻ എഡ്വിൻ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിൻ രക്ഷപെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികൾ ശബ്‌ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവർത്തിക്കുന്ന റേഷൻ കട ഈ ക്യാന്‍റീനിന്‍റെ സമീപമാണ് പ്രവര്‍ത്തിക്കുന്നത്.
ലോറിയുടെ ഗ്രില്ലിൽ തട്ടി തൃശ്ശൂരിലെ കൊമ്പൻ കുട്ടൻകുളങ്ങര അർജുനന്‍റെ കൊമ്പുകൾ പൊട്ടി. ചെറുതുരുത്തി കോഴിമാംപറമ്പ് പൂരം എഴുന്നള്ളിപ്പിന് ശേഷം ലോറിയിൽ കൊണ്ടുവരുമ്പോൾ ആണ് സംഭവം. വടക്കഞ്ചേരി ഭാഗത്ത്നിന്ന് വരുമ്പോൾ ലോറിയുടെ ഗ്രില്ലിൽ തട്ടിയാണ് കൊമ്പുകൾ പൊട്ടിയത്. ആനയെ ഉത്സവങ്ങളിൽ നിന്ന് തൽക്കാലം മാറ്റി നിർത്താനും ആവശ്യമായ ചികിത്സ നൽകാനും വനംവകുപ്പ് നിർദേശിച്ചു. കൊമ്പുകൾ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു.