ഉത്തർ പ്രദേശിലെ ജലൗനിൽ വീട് പണിക്കിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളുടെയും വെള്ളി ആഭരണങ്ങളുടെയും നിധി. 1862 -ന് മുമ്പുള്ള നാണയങ്ങളുടെ വലിയ ശേഖരവും വെള്ളി ആഭരണങ്ങളുമാണ് കണ്ടെത്തിയത്. ഇവ രണ്ടും വലിയ ഇരുമ്പ് പെട്ടിക്കുള്ളിൽ നിറച്ച് മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. കോട്വാലി ജലൗനിലെ വ്യാസ് പുര ഗ്രാമത്തിലാണ് വീട് പണിയ്ക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ ഇരുമ്പ് പെട്ടി പുറത്ത് വന്നത്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധിയുടെ ഭാഗമായി നിർമ്മിച്ച് കൊടുക്കുന്ന വീടിന്റെ പണികൾക്കിടെയാണ് നിധി കണ്ടെത്തിയത്. മണ്ണ് നീക്കം ചെയ്ത തൊഴിലാളികളാണ് പെട്ടി ആദ്യം കണ്ടെത്തിയത്. എന്താണ് പെട്ടിക്കുള്ളിൽ എന്ന ആശങ്ക ഉണ്ടായിരുന്നതിനാൽ തൊഴിലാളികളിൽ ആരും പെട്ടി തുറന്ന് നോക്കാൻ തയ്യാറായില്ല. ഒടുവിൽ തൊഴിലാളികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഒറായിയിലെ ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് സിംഗിന്റെ സാന്നിധ്യത്തിൽ പെട്ടി തുറന്ന് നോക്കിയപ്പോഴാണ് എല്ലാവരും അമ്പരന്നു പോയത്. അതിപുരാതന നാണയങ്ങളും വെള്ളി ആഭരണങ്ങളുമടങ്ങുന്ന ഒരു വലിയ ശേഖരം ആയിരുന്നു പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്.
തുടർന്ന് ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് പുരാവസ്തു ഗവേഷണ വിഭാഗത്തെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് നാണയങ്ങൾ 1862 ന് മുമ്പുള്ളതാണെന്ന് കണ്ടെത്തിയത്. പരിശോധനകൾക്ക് ശേഷം കണ്ടെത്തിയ നാണയ ശേഖരവും ആഭരണങ്ങളും ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കൈമാറി. നിധി കണ്ടെത്തിയതിന് സമീപത്തായി പരിശോധന നടത്തിയെങ്കിലും മറ്റ് പെട്ടികളൊന്നും കണ്ടെത്താനായില്ലെന്ന് ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.