മലപ്പുറം > ആർഎസ്‌എസ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വലതുപക്ഷ, മതമൗലികശക്തികൾ സ്‌ത്രീകളെ സമൂഹത്തിൽനിന്ന് പിന്നോട്ടുവലിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിക്കായി മലപ്പുറത്ത് നിർമിച്ച സുശീല ഗോപാലൻ സ്മാരക മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
ഇന്ത്യയിൽ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനാണ് ആർഎസ്‌എസ് ശ്രമിക്കുന്നത്. ഇത് ഒരു ക്ഷേത്രത്തിന്റെയോ വിശ്വാസത്തിന്റെയോ പ്രശ്‌നമല്ല. കൃത്യമായ അജന്‍ഡ ആർഎസ്‌എസിനുണ്ട്. മുസ്ലിങ്ങളെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെയുമാണ് അവർ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും നീതിന്യായ വ്യവസ്ഥയെയും തകർക്കാനാണ് ശ്രമം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മുസ്ലിങ്ങൾക്കും അവരുടെ അവകാശങ്ങൾക്കും എതിരായ അതിക്രമമാണ് നടക്കുന്നത്. വർഗീയ ചേരിതിരിവും രാഷ്ട്രീയ നേട്ടവുംമാത്രമല്ല ആർഎസ്‌എസിന്റെ ലക്ഷ്യം. ഇന്ത്യൻ സമൂഹത്തിന്റെ മതേതര ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുക കൂടിയാണ്. ഇതിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ സ്‌ത്രീകളുണ്ടാകണം–- ബൃന്ദ കാരാട്ട് പറഞ്ഞു.
മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി. അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, വൈസ് പ്രസിഡന്റ് പി കെ സൈനബ, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, ട്രഷറർ ഇ പത്മാവതി, കേന്ദ്ര കമ്മിറ്റിയംഗം കെ പി സുമതി, സി വിജയലക്ഷ്‌മി എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ടി സോഫിയ സ്വാഗതവും ട്രഷറർ അഡ്വ. പി ഷീന നന്ദിയും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വനിതാ രത്‌ന പുരസ്‌കാരം നേടിയ നിലമ്പൂർ ആയിഷ, സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം നേടിയ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ അഡ്വ. ഇ സിന്ധു, ഊട്ടി മലനിരകളിൽനിന്ന് ‘ഹിഡിയോട്ടിസ് റിക്കർവേറ്റ’ എന്ന പുതിയ സസ്യ ഇനം കണ്ടെത്തിയ കലിക്കറ്റ് സർവകലാശാലാ ബോട്ടണി വിഭാഗം ഗവേഷകയും അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജിജി, കെട്ടിടം നിർമാണത്തിന്റെ ചുമതല വഹിച്ച എൻജിനിയർ മുഹമ്മദ് നസീം എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഉദ്‌ഘാടനത്തിനു മുന്നോടിയായി 1240 വനിതാ വൈറ്റ് വളന്റിയർമാർ അണിനിരന്ന പരേഡും നടന്നു.