ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കുത്തിലുള്ളവരും പുലിപ്പേടിയിലാണ്. പ്രദേശത്ത് പുലിയുടെ കൂടുതൽ കാൽപ്പാടുകൾ കണ്ടെത്തിയതോടെ ക്യാമറ ട്രാപ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്.
മാലിക്കുത്തിലെ താമസക്കാരിയായ മൂലയിൽ വീട്ടിൽ ചിന്നമ്മയാണ് ഇന്നലെ രാവിലെ വീടിനു സമീപത്ത് പുലിയെ കണ്ടത്. സമീപത്തെ നെല്ലംകുഴിയിൽ ബിബിന്‍റെ പുരയിടത്തിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ കാൽപ്പാടുകൾ കണ്ടിരുന്നു. തുടർന്ന് മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ കോർഡിനേഷൻ കമ്മറ്റിയംഗങ്ങൾ സ്ഥലത്തെത്തി പഗ് മാർക്ക് ശേഖരിച്ചു.
പുലിയാണോ എന്ന് സ്ഥിരീകരിക്കാൻ പ്രദേശത്തു നിന്നു ലഭിച്ച കാഷ്ഠവും കാല്പാടും ലബോറട്ടറിയിൽ പരിശോധന നടത്തും. ഇവിടെ നിന്നും ഒരാഴ്ചക്കുള്ളിൽ എട്ടു വളർത്തു മൃഗങ്ങളെ കാണാതാകുകയും ചിലതിന്‍റെ ശരീര അവശിഷ്ടങ്ങൾ കിട്ടുകയും ചെയ്തിരുന്നു. പുലിയുടെ സാന്നിധ്യമുണ്ടെന്ന് സംശയമുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.