ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്. ബെംഗളുരു – മൈസുരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോദി, ബി ജെ പി എം എൽ എ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തതെന്ന് സിദ്ധരാമയ്യ ചോദിച്ചു. എം എൽ എമാർ വാങ്ങുന്ന കൈക്കൂലിയുടെ ഒരു പങ്ക് മോദിക്കും കിട്ടുന്നുണ്ടോ എന്നും കർണാടക മുൻ മുഖ്യമന്ത്രി പരിഹസിച്ചു.
40 ശതമാനം കമ്മീഷൻ സർക്കാരാണ് കർണാടകത്തിലേതെന്ന് തെളിഞ്ഞുവെന്നും, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയായിരുന്നു ബി ജെ പിയുടെ തലപ്പത്തെങ്കിൽ അഴിമതി വച്ച് പൊറുപ്പിക്കില്ലായിരുന്നെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടക സോപ്സുമായി ബന്ധപ്പെട്ട് അസംസ്കൃത വസ്തുക്കളുടെ വിതരണത്തിന് കോൺട്രാക്റ്ററിൽ നിന്ന് 81 ലക്ഷം കൈക്കൂലി ചോദിച്ച കേസിൽ എം എൽ എയുടെ മകൻ അറസ്റ്റിലായത് കർണാടകത്തിൽ വൻ രാഷ്ട്രീയ വിവാദമായിരുന്നു. ഇത് മുൻനിർത്തിയാണ് സിദ്ധരാമയ്യ, മോദിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.