ഒരു ജീവിതശൈഷി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും.
പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.
പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
1. വൈറ്റ് ബ്രഡാണ് ഈ പട്ടികയിലെ ഒന്നാമന്‍. ഉയര്‍ന്ന ‘ഗ്ലൈസെമിക്’ സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡ് ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് നല്ലത്.
2. മാമ്പഴം, നേന്ത്രപ്പഴം, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങള്‍ അധികം കഴിക്കേണ്ട.ഇവ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് നല്ലത്.
3. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുക. കാരണം ഇവയില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂടാനും കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.