ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മദ്യലഹരിയിൽ വയോധികയ്ക്ക് മകന്റെ ക്രൂരമർദ്ദനം. സൈനികനായ സുബോധിനെ കരീലകുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ ഇയാൾ പതിവായി മർദ്ദിക്കാറുണ്ടെന്ന് സഹോദരൻ പോലീസിന് മൊഴി നൽകി.70 വയസ്സുള്ള ശാരദയ്ക്കാണ് മകന്റെ ക്രൂരമർദ്ദനമേറ്റത്. അമ്മയെ വലിച്ചെറിഞ്ഞ ശേഷം, സുബോധ് നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാളുടെ സഹോദരനാണ് ഇത് ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾക്ക് പിന്നാലെ പോയ പോലീസ് ഉച്ചയോടെ സൈനികനെ കസ്റ്റഡിയിലെടുത്തു. സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുബോധിനെതിരെ കേസെടുക്കുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.