ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ഏപ്രിൽ 18ന് ഭരണഘടന ബെഞ്ച് വാദം കേട്ടുതുടങ്ങും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് പി.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ ഭരണഘടന ബെഞ്ചിന് വിട്ടത്. വാദം കേൾക്കുന്നത് ലൈവായി ടെലികാസ്റ്റ് ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ശക്തമായി എതിർത്തു. സ്വവർഗ വിവാഹങ്ങൾ ഭാരത കുടുംബസങ്കൽപ്പത്തിന് എതിരാണെന്നും വിവാഹം എന്ന സങ്കൽപ്പം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ഐക്യത്തെ മുൻനിർത്തിയാണെന്നും നിയമപരമായ വ്യാഖ്യാനങ്ങൾ ഉയർത്തി അതിനു തുരങ്കംവെക്കാൻ പാടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
എതിർ ലിംഗത്തിലുള്ള രണ്ടുപേർ തമ്മിലുള്ള ഐക്യമാണ് വിവാഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അടിത്തറ. വിവാഹവുമായി ബന്ധപ്പെട്ടു രാജ്യത്ത് നിലവിലുള്ള വ്യക്തിനിയമങ്ങൾ ഇതിന് അടിവരയിടുന്ന സാഹചര്യത്തിൽ ഇതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ല. സ്വവർഗ പങ്കാളികൾ ഒരുമിച്ചു ജീവിക്കുന്ന ലിവിംഗ് ടുഗദർ മാതൃകയിലുള്ള ബന്ധങ്ങൾ ഇന്ത്യൻ കുടുംബസങ്കല്പവുമായി താരതമ്യം ചെയ്യാവുന്നതല്ല. വിവാഹം എന്നതിലൂടെ ഭരണഘടനയിൽ അർത്ഥമാക്കുന്നത് എതിർലിംഗ വിവാഹങ്ങളാണെന്നും ഭരണകൂടത്തിന്റെയും സാമൂഹിക സംവിധാനങ്ങളുടെയും നിലനില്പിന് എതിർലിംഗ വിവാഹങ്ങൾക്കു മാത്രമാണ് നിയമപരമായ സാധുതയുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.