ബംഗളൂരു: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ ബി.ജെ.പി കഠിനാധ്വാനം ചെയ്യുമെന്ന് മുൻ കർണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ. വരാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനായി പാർട്ടി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രധാനമന്ത്രിക്ക് എന്നിൽ വിശ്വാസമുണ്ട്. എനിക്ക് അദ്ദേഹത്തിലും വിശ്വാസമുണ്ട്. മോദിജി വീണ്ടും പ്രധാനമന്ത്രിയായി വരുന്നത് ഉറപ്പിക്കാനായി, ലോകസഭ തെരഞ്ഞെടുപ്പിലും കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകൾ നേടാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്യും.’ -യദ്യൂരപ്പ എ.എൻ.ഐയോട് പറഞ്ഞു.
ജനങ്ങളുടെ പ്രതികരണം ബി.ജെ.പിക്ക് അനൂകൂലമായിട്ടാണ്. ബി.ജെ.പി ഭൂരിപക്ഷത്തോടെ വിജയിക്കുകയും കർണാടകയിൽ സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കാംബ്രിഡ്ജിൽ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച യദിയൂരപ്പ, സംഭവം ദൗർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
കർണാടകയിൽ ജൂണോടെ തെരഞ്ഞെടുപ്പ് നടക്കും. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 104 സീറ്റ് നേടിയിരുന്നു. കോൺഗ്രസ് 78 സീറ്റും ജെ.ഡി.എസ് 37 സീറ്റുമാണ് നേടിയത്.