മലപ്പുറം: തിരൂരിൽ ഏഴു വയസ്സുകാരിയായ കർണാടക സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. ഒഡീഷ നബരംഗപൂർ ബാറ്റിഗോൺ വില്ലേജിലെ ഹേമധാർ ഛലനയെ ആണ് 2021ൽ പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 2021 ജൂണിൽ കൊടക്കാട് ക്വാർട്ടേഴ്‌സിൽ മാതാപിതാക്കളുടെ കൂടെ കഴിഞ്ഞിരുന്ന കർണാടക സ്വദേശിയായ ഏഴു വയസ്സുകാരിയെയാണ് 37 കാരനായ ഇയാള്‍ തട്ടിക്കൊണ്ട് പോയത്.
ക്വാർട്ടേഴ്‌സിന് സമീപത്ത് താമസിക്കുന്നയാളായിരുന്നു പ്രതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി താൻ താമസിക്കുന്ന മുറിയിൽ വെച്ച് കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ കുട്ടിയെ മർദിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
പ്രതി പിഴ അടയ്ക്കുന്ന പക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയായി. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പ്രകാരം വിചാരണ നടത്തിയ ഈ കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദിനേശ് ആണ് ശിക്ഷ വിധിച്ചത്.
മൂന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് കഴിഞ്ഞ ദിവസമാണ് 35 വർഷം തടവും 80000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കുട്ടിയെ റോഡരികിൽ നിന്നും കൂട്ടി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ട് വർഷവും ഒൻപത് മാസവും കൂടി ശിക്ഷ അനുഭവിക്കണം.
മലപ്പുറത്ത് 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കന് 16 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. പുലാമന്തോൾ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടിൽ മുഹമ്മദ് ശരീഫ് എന്ന ഉസ്മാൻ ശരീഫ് ( 53) നാണ് ശിക്ഷ വിധിച്ചത്. കൊളത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.