ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വവിാദമായി. രാജസ്ഥാനിലെ പാർട്ടി ചുമതലയുള്ള സുഖ്ജിന്ദർ സിംഗ് രാന്ധവയുടെ പരാമർശമാണ് വിവാദമായിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന രാജ്യത്തെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധിയെ പോലെ ലോകത്തിന് മുന്നിൽ ഇന്ത്യയെ താഴ്ത്തിക്കെട്ടാനാണ് സുഖ്ജിന്ദറിന്റെ ശ്രമമെന്നും ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഹിഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച ധർണക്കിടെയായിരുന്നു നേതാവിന്റെ വിവാദപ്രസ്താവന. പാർട്ടിക്കുള്ളിലെ പോര് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സുഖ്ജിന്ദർ പറഞ്ഞുതുടങ്ങിയത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരാമർശം. “ഞാൻ എല്ലാ നേതാക്കളോടും ആവശ്യപ്പെടുകയാണ്, പരസ്പരമുള്ള പോര് നിർത്തൂ. എന്നിട്ട് മോദിയെ തകർക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ. മോദിയെ തകർത്താലേ ഹിന്ദുസ്ഥാൻ അതിജീവിക്കൂ. മോദി ഇവിടെ ഉണ്ടെങ്കിൽ ഹിന്ദുസ്ഥാൻ തകരും”. സുഖ്ജിന്ദർ പറഞ്ഞു.
പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള സുഖ്ജിന്ദറിന്റെ പരാമർശങ്ങളും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയിൽ, പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജമ്മുകശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ചിരുന്നു. “പുൽവാമ ആക്രമണം എങ്ങനെയാണ് സംഭവിച്ചത്. അന്വേഷണം നടത്തണം. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടിയാണോ മോദി അങ്ങനെ ചെയ്തത്. മോദിയെക്കാൾ വലിയ രാജ്യഭക്തനില്ലെന്നാണ് അവർ (ബിജെപി) പറയുന്നത്. മോദിക്ക് ദേശഭക്തിയുടെ അർത്ഥം പോലും അറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഏത് ബിജെപി നേതാവാണ് പോരാടിയിട്ടുള്ളത്”. സുഖ്ജിന്ദർ ചോദിച്ചു.
രാജ്യമൊന്നാകെ അപമാനിക്കപ്പെട്ടിരിക്കുന്നു എന്നാണ് സുഖ്ജിന്ദറിന്റെ പരാമർശത്തെക്കുറിച്ച് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പ്രതികരിച്ചത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരെ സുഖ്ജിന്ദർ അപമാനിച്ചു. പ്രധാനമന്ത്രി പദവിയെ അപമാനിച്ചു. ആ പരാമർശത്തിൽ രാജ്യമൊന്നാകെ നാണംകെട്ട് നിൽക്കുകയാണെന്നും സതീഷ് പൂനിയ പറഞ്ഞു.