ദില്ലി: പാർലമെന്റിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്നും നിലപാട് കടുപ്പിക്കാൻ ബിജെപി. പ്രധാനമന്ത്രിക്കും, കേന്ദ്ര സർക്കാരിനുമെതിരെ വിദേശപര്യടനത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ മാപ്പ് പറയണമെന്നാണ് ഭരണപക്ഷത്തിൻ്റെ ആവശ്യം. മാപ്പില്ലെന്നും, രാഹുലിനെതിരായ വിമർശനം രേഖകളിൽ നിന്ന് നീക്കണമെന്നുമാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നും പ്രതിഷേധം ശക്തമാവും. ഇന്നലെ സഭ തുടങ്ങിയപ്പോൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് രാഹുൽഗാന്ധി ഇന്ത്യയെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടത്. എന്നാൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കുകയും ചെയ്തു. രാഹുൽഗാന്ധി സംസാരിച്ചതിൽ എന്താണ് തെറ്റെന്നായിരുന്നു മല്ലികാർജുൻ ഗാർഖെ ചോദിച്ചത്. ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചാൻ നല്ല വ്യക്തിയാണ് നരേന്ദ്രമോദിയെന്ന് ഗാർഖെ പരിഹസിക്കുകയും ചെയ്തു. രാഹുൽഗാന്ധി പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നുള്ള സൂചനയാണ് ഇന്നലെ കോൺഗ്രസ് നേതാക്കൾ നൽകിയത്. രാഹുൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം, ഭരണ പക്ഷത്തുനിന്ന് മുദ്രാവാക്യം വിളിക്കിടെ പപ്പു എന്ന് വിളിച്ചുള്ള മുദ്രാവാക്യങ്ങളും ഇന്നലെയുണ്ടായിരുന്നു. സഭ ചേർന്നപ്പോൾ പപ്പു മാപ്പ് പറയണമെന്നായിരുന്നു അവർ ആവശ്യമുയർത്തിയത്.
എന്നാൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. സഭയിൽ അംഗമായ രാഹുൽ ഗാന്ധിയെ ഇത്തരത്തിൽ അവഹേളിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. രാജ്നാഥ് സിങ് ഉൾപ്പെടെ നടത്തിയ പ്രസ്താവനകൾ പിൻവലിക്കണം. അവരതിൽ ഖേദം പ്രകടിപ്പിക്കണമെന്നും അതുമല്ലെങ്കിൽ സഭാ രേഖകളിൽ നിന്ന് ഈ പരാമർശം നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. അത്തരത്തിലൊരു കത്ത് സ്പീക്കർക്ക് നൽകിയിട്ടുണ്ട്. രാഹുലിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുന്നത് വരെ പാർലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്നതാണ് കോൺഗ്രസിന്റെ നിലപാട്. രാഹുൽഗാന്ധിക്കെതിരായ പരാമർശത്തിൽ ഡിഎംകെ മാത്രമാണ് കോൺഗ്രസിനൊപ്പം ഉണ്ടായതെന്നും ശ്രദ്ധേയമാണ്. മറ്റു രാഷ്ട്രീയ പാർട്ടികൾ ഒപ്പം നിൽക്കുന്നില്ല. പ്രതിപക്ഷത്ത് ഇക്കാര്യത്തിൽ ഭിന്നതയാണ് കാണുന്നത്. അതേസമയം, അദാനിക്കെതിരായ വിമർശനങ്ങളിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുന്നതാണ് കാണുന്നത്. അദാനിക്കെതിരായ വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. അദാനിക്കെതിരായ റിപ്പോർട്ട് ചർച്ച ചെയ്യണം. ജിപിസി രൂപീകരിക്കണം എന്നിവയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.