തിരുവനന്തപുരം : ‘ബ്രഹ്മപുരം’ ഇന്നും നിയമസഭയിൽ. കൊച്ചി കോർപ്പറേഷൻ കൌൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൌൺസിലർമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മീഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി.
മുതിർന്ന നേതാക്കളെ വരെ ക്രൂരമായി മർദ്ദിച്ചത് ഗൌരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തതോടെ, മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് സതീശൻ കുറ്റപ്പെടുത്തി. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷവും ബഹളവുമായി.
എന്നാൽ, യുഡിഎഫ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതാണെന്ന് നിയമമന്ത്രി വ്യക്തമാക്കി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പ്രശ്നങ്ങളും നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്നും ‘ Narrow margin’ ഉള്ള ഇടത്ത് പ്രശ്നം ഉണ്ടാവുമെന്നും സ്പീക്കറും നിലപാടെടുത്തു. ഇതോടെ ബഹളം ശക്തമാകുകയും പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു. എല്ലാവരും നേരിയ മാർജിനിൽ ജയിച്ചവരാണ് , അത് മറക്കണ്ടെന്നും അടുത്ത തവണ തോൽക്കുമെന്നും ഷാഫി പറമ്പിലിനോടു സ്പീക്കർ പറഞ്ഞതോടെ പ്രതിഷേധം ശക്തമായി. ഇതോടെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നായി സ്പീക്കർ. ബാനറുമായി പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ ഭരണ പക്ഷവും സീറ്റിൽ നിന്നും എഴുന്നേറ്റു. പിന്നാലെ പ്രതിപക്ഷത്തിന് സ്പീക്കർ നടപടി മുന്നറിയിപ്പ് നൽകി.