തിരുവനന്തപുരം: ബ്രഹ്മപുരം പ്രശത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ നിയമസഭയില്‍ പ്രതിഷേധം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയ നോട്ടീസിന് സ്പീക്കര്‍ അുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിയരുന്നു സ്പീക്കർ എഎന്‍ ഷംസീറിന്‍റെ നിലപാട്.
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ വരെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഗൗരവം ഉള്ള വിഷയമാണിത്, മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും എന്നതിനാൽ ആണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതിനിടെ സ്പീക്കര്‍ ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ നടത്തിയ പരാമര്‍ശവും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. അടുത്ത തവണ ഷാഫി പറമ്പില്‍ തോക്കുമെന്ന സ്പീക്കറുടെ പരാമര്‍ശമാണ് ബഹളത്തിനിടയായത്.
യുഡിഎഫ് കൗൺസിലർമാർ കോര്‍പറേഷന്‍ കൗണ്‍സിലില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചതാണെന്ന് നിയമമന്ത്രി പി രാജീവ് അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉള്ള പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന് സ്പീക്കർ സഭയില്‍ റൂളിംഗ് നല്‍കി. ഇതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.
ബാനറുകളുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതിനിടയിലാണ് എഎന്‍ ഷംസീര്‍ ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. എല്ലാം ജനങ്ങൾ കാണുന്നുണ്ട് , എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്, അത് മറക്കേണ്ട, അടുത്ത തവണ തോൽക്കും എന്ന് ഷാഫി പറമ്പിലിനോടു സ്പീക്കർ പറഞ്ഞു. സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.