മോസ്കോ: യുക്രൈന്‍റെ മേൽ ആണവായുധം പ്രയോഗിക്കുമെന്നുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, അവ യാഥാർത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ഗ്രിഗറി യവിലൻസ്കി. പ്രസിഡന്റ് പുടിനെതിരെ നിരന്തരം വിമർശനമുയർത്തുന്ന നേതാവാണ് ഗ്രിഗറി. യുക്രൈന്‍റെ മേൽ ആണവായുധ പ്രയോഗം നടത്തുമെന്നത് വെറും വാക്കുകളല്ലെന്നും അവ ശരിയാണെന്നും ഗ്രിഗറി പറഞ്ഞു.
ആണവായുധ ആക്രമണം നടത്തുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ല. ക്രൈമിയ തിരിച്ചുപിടിക്കാൻ യുക്രൈന്‍ ശ്രമിച്ചാൽ അത്തരത്തിലൊരു ആക്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഗ്രിഗറി പറഞ്ഞു. പുടിന്റെ ഭീഷണി വെറും വാക്കുകളല്ല. അത് കൃത്യമാണ്. അത്തരത്തിലൊരു ആക്രമണം വളരെ ഗൗരവകരമായ വിഷയമാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വെറുതെയല്ല, സീരിയസ് ആയാണ് കണക്കിലെടുക്കേണ്ടതെന്നും ഗ്രിഗറി പറഞ്ഞു.
യുക്രൈന് അമേരിക്ക പിന്തുണ നൽകുന്ന സാഹചര്യത്തിൽ ഏതു സമയത്തും ആണവായുധം പ്രയോഗിക്കാൻ തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. നാറ്റോക്ക് കീഴിലുള്ള രാജ്യങ്ങളെല്ലാം നമ്മുടെ ജനതയെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമുക്കെങ്ങനെ ആണവായുധം പ്രയോഗിക്കാതിരിക്കാൻ കഴിയുമെന്നായിരുന്നു പുടിന്റെ പരാമർശം. കോടിക്കണക്കിന് ഡോളറുകളുടെ ആയുധങ്ങളാണ് യുക്രൈന് അവർ വിതരണം ചെയ്യുന്നതെന്നും പുടിൻ പറഞ്ഞിരുന്നു. റഷ്യയെ തകർക്കലാണ് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞ പുടിൻ യുക്രൈന് മേൽ ആണവായുധം പ്രയോഗിക്കാനും തയ്യാറാണെന്നും ആവർത്തിച്ചിരുന്നു.
അതേസമയം, യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്കയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് ചർച്ച നടത്തിയിരുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ദില്ലിയിൽ ജി20 യോഗത്തിനിടെയാണ് ചർച്ച നടത്തിയത്. എത്രയും വേഗം യുക്രെയ്നു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായി ആന്റണി ബ്ലിങ്കൻ പറഞ്ഞു. റഷ്യയും ചൈനയും ഒഴികെ എല്ലാ രാജ്യങ്ങളും യുക്രൈന്‍ ആക്രമണത്തെ അപലപിച്ചു എന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ റഷ്യയും അമേരിക്കയും അവരുടെ നിലപാടുകൾ ആവർത്തിച്ചു എന്നതിനപ്പുറം സമവായ സൂചനകൾ ഒന്നും ഉണ്ടായില്ല.