ഫാഷന്‍ ലോകത്തെ ട്രന്‍റുകള്‍ വളരെ പെട്ടെന്നാണ് മാറി മറിയുന്നത്. പലപ്പോഴും വലിയ വിലയില്ലെന്ന് കരുതുന്ന പല സാധനങ്ങളും ഫാഷന്‍ ലോകത്ത് എത്തുമ്പോള്‍ ലഭിക്കുന്ന വില സാധാരണക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് പതിവാണ്. ചാക്ക് നിര്‍മ്മിക്കുന്ന ചണനാര് കൊണ്ട് ഉണ്ടാക്കിയ സ്ത്രീകളുടെ ഒരു വസ്ത്രത്തിന് ഫാഷന്‍ ലോകത്ത് വില 60,000 രൂപയായിരുന്നു. സാധാരണ ചണചാക്കില്‍ ഉണ്ടാകാറുള്ള കമ്പനിയുടെ പ്രിന്‍റ് അടക്കമായിരുന്നു ആ വസ്ത്രം വില്പനയ്ക്കെത്തിയിരുന്നത്. എന്നാല്‍ ഇവിടെ താരം വസ്ത്രമല്ല. മറിച്ച് സ്ത്രീകളുടെ ഉപയോഗത്തിനുള്ള ഒരു ഷോപ്പിങ്ങ് ബാസ്കറ്റാണ്.
ഫാർഫെച്ച് വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌ത ഫ്രഞ്ച് ആഡംബര ഭീമനായ ചാനൽ (Chanel Ltd) പ്രീ-ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് ബാസ്‌ക്കറ്റ് ബാഗാണ് താരം. എന്നാല്‍ ഇത് പുതിയ ഷോപ്പിങ്ങ് ബാഗാണെന്ന് കരുതരുത്. സംഗതി പഴയതാണ്. 2014 ലെ ശരത് കാല / ശൈത്യകാല സീസണിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണ് ഈ ആഡംബര ഷോപ്പിങ്ങ് ബാഗ്. AW14 (Autumn/Winter 2014) കലക്ഷനിന്‍റെ ഭാഗമാണ് ഈ ബാഗെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു. പക്ഷേ വില 1,04,663 ഡോളര്‍ അഥവാ 86 ലക്ഷം രൂപ. ചെറിയ ചങ്ങലകള്‍ കൊണ്ടാണ് ബാഗിന്‍റെ കൈപ്പിടി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ കമ്പികളില്‍ ലെതര്‍ സ്ട്രാപ്പുകള്‍ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ബാഗിന്‍റെ ഇറക്കുമതി തീരുവ അടക്കമാണ് 1,04,663 ഡോളറെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവില്‍ മറ്റ് ഷോപ്പിങ്ങ് ബാഗുകളുടെ സാധാരണ സൈസായ XXL ലുള്ള ഷോപ്പിങ്ങ് ബാഗ് മാത്രമേ വില്പനയിലുള്ളൂ. എന്നാല്‍ ഈ ബാഗിന്‍റെ വില കൂടാന്‍ കാരണം എന്താണെന്ന് അറിയണ്ടേ?. ബാഗിന്‍റെ 65 ശതമാനവും വെള്ളി പൂശിയതാണെന്നത് തന്നെ. ബാക്കിവരുന്ന 45 ശതമാനം തുകലും ഉപയോഗിച്ചിരിക്കുന്നു. ബാഗ് വിറ്റ് ലഭിക്കുന്ന പണം പരിസ്ഥിതി സംരക്ഷണത്തിനായി ഉപയോഗിക്കുമെന്ന് വെബ്സൈറ്റ് പറയുന്നു. എന്നാല്‍ ലഭിക്കുന്നതില്‍ എത്ര ശതമാനം പണം പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റിവയ്ക്കുമെന്ന് കമ്പനി പറയുന്നില്ല.