ദില്ലി : ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി ഭരണഘടന ബെഞ്ച് തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിയത്.നഷ്ട പരിഹാരത്തിൽ കുറവുണ്ടെങ്കിൽ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും ഇരകൾക്കായി ഇൻഷുറൻസ് പോളിസി എടുക്കാതിരുന്നത് കേന്ദ്ര സർക്കാരിന്റെ വലിയ വീഴ്ചയാണെന്നും കോടതി നീരീക്ഷിച്ചു. തട്ടിപ്പ് നടന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒത്തുതീർപ്പിൽ നിശ്ചയിച്ച നഷ്ടപരിഹാരം റദ്ദാക്കാനാകൂ. എന്നാൽ തട്ടിപ്പ് നടന്നുവെന്ന് തെളിയിക്കുന്ന ഒന്നും കേന്ദ്രത്തിനു ഹാജരാക്കാൻ ആയില്ലെന്നും കോടതി പറഞ്ഞു.
വിഷയം രണ്ട് പതിറ്റാണ്ടിന് ശേഷം ഉന്നയിക്കുന്നതിന്റെ യുക്തി വിശദീകരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ നടപടിയില്‍ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തി.റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. 7400 കോടി രൂപ അധിക നഷ്ട പരിഹാരം നൽകണം എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം.