ദില്ലി: ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ 50 നഗരങ്ങളില്‍ 39-ഉം ഇന്ത്യയില്‍. സ്വിസ് എയര്‍ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത് പ്രകാരം ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2021 ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ചാഡ് ആണ് ഒന്നാമത്. പാക്കിസ്ഥാന്‍ മൂന്നാമതാണ്. മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളില്‍ ദില്ലിയെ മറികടന്ന് ചാഡിന്റെ തലസ്ഥാനമായ ജമേന ഒന്നാമതായി. PM 2.5 ലെവല്‍ 53.3 മൈക്രോഗ്രാം/ക്യുബിക് മീറ്ററായി കുറഞ്ഞു. എന്നാല്‍ അതിപ്പോഴും ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയുടെ 10 മടങ്ങ് കൂടുതലാണ്.
ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സൂക്ഷ്മമായി നിരീക്ഷിക്കുന്ന മലിനീകരണ പദാര്‍ത്ഥമായ PM 2.5 ന്റെ അളവ് അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. 131 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. 7,300-ലധികം നഗരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ മുന്‍നിരയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നു. വാഹനങ്ങള്‍ക്ക് പുറമെ വ്യാവസായിക യൂണിറ്റുകള്‍, കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റുകള്‍, ബയോമാസ് കത്തിക്കല്‍ എന്നിവയാണ് മലിനീകരണത്തിന്റെ മറ്റ് ഉറവിടങ്ങള്‍. രാജസ്ഥാനിലെ ഭിവാദിയും ഡല്‍ഹിയും നാലാം സ്ഥാനത്താണ്. ആദ്യ പത്തില്‍ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.