തിരുവനന്തപുരം; സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മഴക്കാല പൂര്‍വ ശുചീകരണം യജ്ഞം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായാണ് മഴക്കാല പൂര്‍വ ശുചീകരണം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ആരോഗ്യ ജാഗ്രത – പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം മഴക്കാലം വരുന്നതിന് മുന്‍പുതന്നെ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ശുചിത്വ മിഷന്റെ സഹകരണത്തോടെ ബഹുജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു മാലിന്യ സംസ്‌കരണ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും നടത്തും.
വീടും, സ്ഥാപനവും, പരിസരവും ശുചിയാക്കണം. കൊതുക് മുട്ടയിടാതിരിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാലജന്യ രോഗങ്ങള്‍ വരാതെ നോക്കേണ്ടതുണ്ട്. മഴക്കാലപൂര്‍വ ശുചീകരണം വിപുലമാക്കി പകര്‍ച്ചവ്യാധികള്‍ക്കുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രിഅഭ്യര്‍ത്ഥിച്ചു .