കോട്ടയം: മദ്യപിച്ച് യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്പെന്ഷന്. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര് ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോണ്‍ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാറിനെയുമാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. മദ്യപിച്ച് ജോലി ചെയ്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് സസ്പെന്ഷന്. കൂടാതെ മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയെ അടക്കം സസ്പെന്റ് ചെയ്തിട്ടുണ്ട്.
പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ഫെബ്രുവരി 13 നാണ് വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര് ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവര്‍ ലിജോ സി ജോണ്‍ എന്നിവര്‍ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിയില്‍ ഹാജരാകുകയോ, ജോലിക്കിടയില്‍ മദ്യപിക്കുകയോ, മദ്യപിച്ച് ഓഫീസ് പരിസരത്ത് പ്രവേശിക്കുകയോ ചെയ്യരുതെന്ന സിഎംഡിയുടെ ഉത്തരവ് ലംഘിച്ച പത്തനംതിട്ട ഗ്യാരേജിലെ സ്റ്റോര്‍ ഇഷ്യൂവര്‍ വി ജെ പ്രമോദിനെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.