ചെന്നൈ: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചതിന് ഹിന്ദു മുന്നണി പ്രവര്‍ത്തകരുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി മഹാളിയമ്മന്‍ ക്ഷേത്രത്തിന് സമീപം തൊഴിലാളികളെ ആക്രമിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച അറസ്റ്റ് നടന്നത്. പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടത്. സൂര്യപ്രകാശ്, പ്രകാശ്, പ്രഗദീഷ്, വേല്‍മുരുകന്‍ എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ നാലുപേരില്‍ രണ്ടുപേരും മദ്യലഹരിയിലാണെന്ന് പോലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരെ ഐപിസി 294 (ബി), 323 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പരാതിക്കാരനായ ഗൗതം സിയമേല്‍ കാഠുവ, സുഹൃത്തുക്കളായ തന്‍മയ് ജാന, ജകത് എന്നിവര്‍ എടയാര്‍ തെരുവിലൂടെ നടന്നുപോവുകയായിരുന്നു. ഈ സമയം എതിരേ വന്ന സൂര്യപ്രകാശും പ്രകാശും ആക്രമിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാര്‍ച്ച് 9 ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ബിജെപിയെ കടന്നാക്രമിച്ചിരുന്നു. തമിഴ്നാട്ടില്‍ ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സംസ്ഥാനം സന്ദര്‍ശിച്ച ബിഹാറില്‍ നിന്നുള്ള പ്രതിനിധികള്‍ പൂര്‍ണ സംതൃപ്തിയോടെയാണ് മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.