ടെക്സാസ്: 4 വയസുള്ള സഹോദരിയെ അബദ്ധത്തില്‍ വെടിവച്ചുകൊന്ന് 3 വയസുകാരി. അമേരിക്കയിലെ ടെക്സാസിലാണ് ദാരുണ സംഭവം. സെമി ഓട്ടോമാറ്റിക് തോക്ക് വച്ചാണ് വെടിവയ്പ് നടന്നത്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ കൈവശം നിറതോക്ക് ലഭിച്ചത്. അലക്ഷ്യമായി കൈകാര്യം ചെയ്ത നിറതോക്കാണ് ഒരു കുടുംബത്തിന് തീരദുഖത്തിന് കാരണമായത്. ഹൂസ്റ്റണിലെ അപാര്‍ട്ട്മെന്‍റില്‍ മുതിര്‍ന്ന് അഞ്ച് പേര്‍ ഒപ്പമുള്ളപ്പോഴാണ് മൂന്ന് വയസുകാരി വെടിയുതിര്‍ത്തത്. ദുരന്തമെന്ന് വിശേഷിപ്പിച്ചെങ്കിലും ഒഴിവാക്കാമായിരുന്ന ഒന്നെന്നാണ് സംഭവത്തേക്കുറിച്ച് സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.
ബന്ധുക്കളും സുഹൃത്തുക്കളുമായി 5 മുതിര്‍ന്നവരും 2 കുട്ടികളും ഞായറാഴ്ച ഒത്തുകൂടിയിരിക്കുകയായിരുന്നു. മുതിര്‍ന്നവരുടെ കണ്ണ് തെറ്റിയപ്പോള്‍ കുട്ടികള്‍ കിടപ്പുമുറിയിലേക്ക് പോവുകയായിരുന്നു. കുട്ടികളെ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന ധാരണയിലായിരുന്നു രണ്ടുപേരുടേയും വീട്ടുകാരുണ്ടായിരുന്നത്. കിടപ്പുമുറിയില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുമ്പോഴാണ് വീട്ടിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ കിടപ്പുമുറിയിലേക്ക് എത്തിയത്. മുറിയില്‍ നാല് വയസുകാരി ബോധമില്ലാത കിടക്കുന്ന കാഴ്ചയാണ് ഇവര്‍ കണ്ടത്. ഇതോടെ രക്ഷിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്ക് എത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ തോക്ക് സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്.
ഉത്തരവാദിത്തതോടെ തോക്ക് കൈകാര്യം ചെയ്യണമെന്നും പൊലീസ് പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കെതിരെയെങ്കിലും കുറ്റമുണ്ടോയെന്ന് വ്യക്തമാക്കാന് സാധിക്കില്ലെന്നും പൊലീസ് പറയുന്നു. 2015നും 2020നും ഇടയില്‍ 18 വയസില്‍ തൊഴെയുള്ളവര്‍ തോക്ക് കൈകാര്യം ചെയ്ത് അപകടമുണ്ടായ 2070 സംഭവങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 765 മരണവും 1366 പരിക്കുമേറ്റ സംഭവങ്ങളാണ്. നടക്കുന്ന വെടിവയ്പുകളുടെ 39 ശതമാനം 9 വയും അതിന് താഴെയുള്ളവരും ഉള്‍പ്പെട്ടവയാണെന്നും പൊലീസ് കണക്കുകള്‍ വിശദമാക്കുന്നു.