ഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവർത്തനം തുടരുന്നു. മധ്യപ്രദേശിലെ വിടിഷ ജില്ലയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. 60 അടി താഴ്ച്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞതായി ദേശീയ ഏജൻസിയായ എഎൻഐ പറയുന്നു.
60 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ 43 അടിയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിക്ക് ഓക്സിജൻ നൽകി വരുന്നുണ്ട്. എന്നാൽ കുട്ടിയുമായി സംസാരിക്കാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. വെബ് ക്യാമറകളുടെ സഹായത്താൽ കുട്ടിയെ കണ്ടെത്തിയെന്നും അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് സമീർ യാദവ് പറയുന്നു. രണ്ടു സുരക്ഷാ സംഘം ചേർന്നാണ് കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയുമാണ് രക്ഷാദൗത്യത്തിലുള്ളത്.
കുട്ടി കുഴൽകിണറിൽ വീണ ഉടൻ തന്നെ പൊലീസും സംഘവും സ്ഥലത്തെത്തി. 49 അടി കുഴിയിൽ 34 അടി കുഴിയെടുത്താണ് രക്ഷാപ്രവർത്തകർ കുട്ടിയുടെ അടുത്തേക്ക് എത്തിയതെന്ന് യാദവ് പറഞ്ഞു. കുട്ടിയെ ഉടൻ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രക്ഷാ ദൗത്യസംഘത്തിന് കുട്ടിയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഭക്ഷണവും അവനു എത്തിച്ചുകൊടുത്തിട്ടില്ല. എന്നാൽ കുഴൽ കിണറിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ടെന്നും അത് കുട്ടിക്ക് ജീവനുണ്ടെന്നതിനുള്ള തെളിവാണെന്നും യാദവ് കൂട്ടിച്ചേർത്തു.
നിരവധി സംഭവങ്ങളാണ് ഇത്തരത്തില്‍ കേട്ടു കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മണിക്കൂറുകള്‍ ചിലവിടേണ്ടി വരുന്നതാണ് കുട്ടികളുടെ മരണത്തിന് കാരണമാവുന്നത്. കുഴല്‍കിണറിനൊപ്പം തന്നെ സമാന്തരമായി കുഴി നിര്‍മ്മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിന് മണിക്കൂറുകള്‍ വേണ്ടി വരുന്നതിനാല്‍ കുട്ടികളെ രക്ഷിക്കാനാവാറില്ല.