തിരുവനന്തപുരം: ചർമമുഴ വന്ന പശുക്കളുടെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാൻ നടപടി തുടങ്ങിയെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എല്ലാ വീടുകളിലും വാക്സിൻ നൽകാൻ സംവിധാനം ഒരുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കാലിത്തീറ്റയിൽ മായം തടയാനുള്ള നിയമം ഉടൻ പ്രാബല്യത്തിൽ ആക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
കാലിത്തീറ്റയിലെ മായം തടയാൻ ബിൽ തയ്യാറായി കഴിഞ്ഞുവെന്നും എത്രയും വേഗം നിയമം പാസാക്കുന്നതിലേക്ക് പോകും മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വന്നാൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, ചർമമുഴ രോഗം ബധിച്ച പശുകള്‍ക്ക് ചികിത്സ മൃഗാശുപത്രി വഴി സൗജന്യം ആക്കാൻ നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. എല്ലാ വീടുകളിലും വാക്സിൻ നൽകാൻ സംവിധാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 30000, 16000, 5000 എന്നിങ്ങനെ മൂന്നായി തിരിച്ച് ധനസഹായം നല്‍കുമെന്നും ജെ ചിഞ്ചുറാണി അറിയിച്ചു. രോഗം വന്നു ചത്ത പശുക്കൾക്കാണ് സഹായം. പശുക്കളുടെ വലുപ്പം, പ്രായം എന്നിവ അനുസരിച്ചാണ് ധനസഹായം നല്‍കുന്നത്. ഇൻഷുറൻസ് നൽകാനും സംവിധാനം ഒരുക്കും.
അതേസമയം, ആര്യങ്കാവ് പിടിച്ച പാലിലെ മായം കണ്ടെത്താന്‍ കഴിയാതെയിരുന്നത് സമയം വൈകിയത് കൊണ്ടാണെന്നും നിയമസഭയിൽ മന്ത്രി ചിഞ്ചുറാണി ആവര്‍ത്തിച്ചു. പരിശോധന, നിയമനടപടി എന്നിവയിൽ നിയമപരമായ അധികാരം ക്ഷീര വികസന വകുപ്പിന് കൂടി നൽകണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണ്. നിയമനടപടിക്ക് നിലവിൽ അധികാരം ഫുഡ് സേഫ്റ്റി വകുപ്പിന് ആയതിനാൽ ഉത്തരവാദിത്തം ഭക്ഷ്യ സുരക്ഷ വകുപ്പിനാണ്. നിയസഭയ്ക്ക് പുറത്ത് മൃഗസംരക്ഷണ വകുപ്പ് – ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭിന്നതയ്ക്ക് കാരണമായ വിഷയമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.