ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പ്രതിരോധം തീർത്ത് രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്റെ അണികൾ. തോഷഖാന കേസുമായി ബന്ധപ്പെട്ട് ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോഴാണ് പിടിഐ അണികൾ ഇമ്രാന്റെ വീടിന് മുന്നിൽ തമ്പടിച്ചത്. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവാർ എന്നീ നഗരങ്ങളിൽ നിലവിൽ സംഘർഷം ഉടലെടുത്തിരിക്കുകയാണ്. ഇന്നലെയാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ലാഹോറിലെ സമാൻപാർക്കിലെ വസതിയിലേക്ക് പൊലീസെത്തിയത്.
പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ വിലകൂടിയ സമ്മാനങ്ങൾ സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് തോഷഖാന കേസ്. ഈ സമ്മാനങ്ങൾ തോഷഖാന എന്ന വകുപ്പിലേക്ക് കൈമാറണമെന്ന ചട്ടമുള്ളപ്പോഴായിരുന്നു ഇമ്രാന്റെ ഈ നടപടി. ഇതുപ്രകാരം 36മില്യൺ ഡോളർ സമ്പാദിച്ചെന്നാണ് ആരോപണം. കേസിന്റെ പേരിൽ ഇമ്രാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ചു വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഈ കേസിൽ മൂന്നു തവണ കോടതിയിൽ ഹാജരാവാത്തതിനാലാണ് ഇസ്ലാമാബാദ് പൊലീസ് അറസ്റ്റ് ചെയ്യാനായി എത്തിയത്. ഇതിന് പിന്നാലെയാണ് അസാധാരണ സംഭവവികാസങ്ങൾക്ക് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചത്.
ഈ കേസിൽ ജില്ലാ സെഷൻ കോടതി ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതി മാർച്ച് 13വരെ അറസ്റ്റ് വാറണ്ട് നീട്ടി നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതി പുറപ്പെടുവിച്ച തിയ്യതി അവസാനിച്ചതോടെയാണ് ലാഹോറിലെ വീട്ടിലെത്തി ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിക്കുന്നത്. എന്നാൽ പൊലീസിനെ പ്രതിരോധിക്കാൻ ഇമ്രാൻഖാൻ ആഹ്വാനം ചെയ്തതോടെ അണികൾ പൊലീസിനെ വളയുകയായിരുന്നു.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മനുഷ്യ മതിൽ തീർത്ത് പ്രതിരോധിക്കുകയായിരുന്നു ഇമ്രാന്റെ അണികൾ. പൊലീസ് എത്തിയതിന് പിന്നാലെ താൻ ജയിലിൽ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടണമെന്നും ഇമ്രാൻ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ഇതോടെ അണികള്‍ കൂട്ടമായി ഇമ്രാന്‍റെ വീടിന് മുന്നിലേക്ക് എത്തി. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് ഇമ്രാനെ പിടിച്ചുകൊണ്ടുപോകാനെത്തിയ പൊലീസിന് ഇത് വരെ വസതിയിൽ കടക്കാനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് മുതൽ അനുയായികൾ ഇമ്രാന് കാവൽ നിൽക്കുകയാണ്. കണ്ണീർ വാതകത്തിനും ജലപീരങ്കിക്കും ആൾക്കൂട്ടത്തെ പിരിച്ചുവിടാനായില്ല.